
സ്വന്തം ലേഖിക
കേരള മീഡിയ അക്കാദമി അവാർഡ് വാർത്ത പ്രസിദ്ധീകരിച്ച് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ അല്‍ജസീറ. കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ’യുടെ ‘മീഡിയ പേഴ്സണ്‍ ഓഫ് ദ ഇയർ’ ആയി അല്‍ജസീറ ചാനലിന്റെ ഗാസ ബ്യൂറോചീഫ് വഇല്‍ അല്‍ ദഹ്ദൂദിനെ തിരഞ്ഞെടുത്തിരുന്നു.
ഈ വാർത്തയാണ് അല്‍ജസീറ കഴിഞ്ഞ ദിവസം അവരുടെ സാമൂഹ്യമാധ്യമ പേജുകളില്‍ നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യ ആസ്ഥാനമായ കേരള മീഡിയ അക്കാദമി വാഇല്‍ ദഹ്ദൂഹിനെ മീഡിയ പേഴ്സണ്‍ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു എന്നാണ് അല്‍ജസീറയുടെ റിപ്പോർട്ടില്‍ പറയുന്നത്. ഒരുലക്ഷം ഇന്ത്യൻ രൂപയാണ് അവാർഡ് തുക. നിലവില്‍ അദ്ദേഹം ഖത്തറില്‍ ചികിത്സയിലാണെന്നും അല്‍ജസീറയുടെ വാർത്തയില്‍ പറയുന്നു.
2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേല്‍- ഹമാസ് സംഘർഷത്തില്‍ ഭാര്യയും മക്കളുമടക്കമുള്ള കുടുംബാംഗങ്ങളെ ദഹ്ദൂഹിന് നഷ്ടപ്പെട്ടിരുന്നു. എന്നിട്ടും മാധ്യമപ്രവർത്തനം തുടർന്ന ദഹ്ദൂഹിന്റെ ധീരതയാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ സംഘടനയുടെയും മീഡിയ മാഗസിൻ പത്രാധിപസമിതി അംഗങ്ങളുടെയും ശുപാർശ പ്രകാരം അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് മീഡിയ പേഴ്സണ്‍ ഓഫ് ദി ഇയർ അവാർഡിന് ദഹ്ദൂദിനെ തിരഞ്ഞെടുത്തത്.
മീഡിയ മാഗസിന്റെ കഴിഞ്ഞ വർഷത്തെ ‘മീഡിയ പേഴ്സണ്‍ ഓഫ് ദ ഇയർ’ അവാർഡ് വിഖ്യാത യൂറോപ്യൻ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക പാവ്ലാ ഹോള്‍സോവയ്ക്കായിരുന്നു. ചെക്ക് റിപ്പബ്ലിക്കിലെ മാധ്യമപ്രവർത്തകയായ ഹോള്‍സോവയുടെ അന്വേഷണാത്മക റിപ്പോര്‍ട്ടിനെ തുടർന്ന് സ്ലൊവാക്യയിലെ സർക്കാർ നിലംപതിക്കുകയും 21 ജഡ്ജിമാർ അഴിമതിക്കേസില്‍ പ്രതികളാകുകയുമുണ്ടായി. പൊലീസ് മേധാവിയാകട്ടെ ആത്മഹത്യ ചെയ്തു.