കൂട്ടുകാരന്‍ കൂട്ടുകാരന് വേണ്ടി എടുത്ത സിനിമ കുരുക്കാകുന്നോ? ‘കേശു ഈ വീടിന്റെ നാഥനില്‍’ നായകന്‍ ജയിലിലായി; ആദ്യ കാമുകിയെ കേശുവിന്റെ ഭാര്യ വിളിച്ചത് യക്ഷിയെന്നും; ഒടിടിയില്‍ സിനിമ എത്തിയതിന് പിന്നാലെ ദിലീപിന് കഷ്ടകാലം; നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ 20 സാക്ഷികള്‍ നിരീക്ഷണത്തില്‍; ബാങ്ക് അക്കൗണ്ടുകളും നിരീക്ഷിക്കും; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതീക്ഷ കണ്ട് നടനും കുടുംബവും; ദിലീപ് ഒളിവില്‍ തന്നെ!

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: ദിലീപിന്റെ പുതിയ സിനിമ ‘കേശു ഈ വീടിന്റെ നാഥന്‍’ റിലീസായതോടെ നായകന് കഷ്ടകാലം തുടങ്ങി.

നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവരാത്ത തെളിവുകളാണ് പുറത്തുവരുന്നത്. ഈ സിനിമ ആരെയെങ്കിലും വ്യക്തിപരമായി വേദനിപ്പിച്ചോ എന്ന സംശയവും തുറന്നു പറയുകയാണ് കേസിൽ പ്രതിയായ ദീലീപ്. ഈ ചിത്രത്തിലെ ചില കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി ബന്ധമുണ്ടെന്നാണ് ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയിലും ദിലീപിന്റെ കഥാപാത്രം ജയിലില്‍ പോകുന്നുണ്ട്. ഇതിനിടെ പല സംഭാഷണവുമുണ്ട്. പൊലീസ് അന്വേഷണത്തേയും പരിഹാസ രൂപേണ ഈ സിനിമയില്‍ കളിയാക്കുന്നു.

ദിലീപിന്റെ ഉറ്റ സുഹൃത്ത് നാദിര്‍ഷായാണ് ഈ സിനിമ സംവിധാനം ചെയ്തത്. ഈ സിനിമ പുറത്തു വന്നത് മുതല്‍ ദിലീപിന് കഷ്ടകാലമാണ്. കേശുവിന്റെ ആ കാമുകിയെ ഭാര്യ വിളിക്കുന്നത് യക്ഷിയെന്നാണ്. ഇങ്ങനെ പലതും കേശുവില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ദിലീപിനെതിരെ പുതിയ നീക്കങ്ങള്‍ സജീവമാകുന്നത്.

നടിയെ പീഡിപ്പിച്ച കേസില്‍ പ്രോസിക്യൂഷന് ഏറ്റവും അധികം തിരിച്ചടിയുണ്ടാക്കിയ കൂറുമാറ്റം നടത്തിയ സാക്ഷി പ്രതിഭാഗത്തു നിന്ന് വന്‍തുക കൈപ്പറ്റിയെന്ന മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. സാക്ഷിയുടെ സഹപ്രവര്‍ത്തകനാണ് അന്വേഷണസംഘത്തോട് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പണം വാങ്ങിയതിനു തെളിവുണ്ടെന്നും സഹപ്രവര്‍ത്തകന്‍ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കും. പണം കൈമാറ്റത്തിന് തെളിവു കണ്ടെത്താന്‍ വേണ്ടിയാണ് ഇത്.

ഇദ്ദേഹത്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം നിയമോപദേശം തേടിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഈ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ ബോധ്യപ്പെട്ട ശേഷം മാത്രം രഹസ്യമൊഴി രേഖപ്പെടുത്താനാണ് നിയമോപദേശം ലഭിച്ചത്.

ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്ന 20 പ്രോസിക്യൂഷന്‍ സാക്ഷികളുടെ നീക്കങ്ങള്‍ ക്രൈംബാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിക്കുന്നുണ്ട്. പീഡനക്കേസില്‍ ആദ്യമായിട്ടാണ് ഇത്രയധികം പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നത്. ദിലീപിന്റെയും അടുത്ത ബന്ധുക്കളുടെയും പ്രലോഭനങ്ങള്‍ക്കും ഭീഷണിക്കും വഴങ്ങിയാണ് സാക്ഷികളില്‍ പലരും കൂറുമാറിയതെന്നാണു മൊഴികള്‍. ഇവരുടെ എല്ലാം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും.

അതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ്, സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ് എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഇന്നു പരിഗണിച്ചേക്കും.

പുതിയ കേസിലും ജാമ്യമില്ലാ വകുപ്പുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ദിലീപിനെ ഏത് നിമിഷം വേണമെങ്കിലും പൊലീസിന് അറസ്റ്റു ചെയ്യാം. അതുകൊണ്ട് തന്നെ ദിലീപ് ഫലത്തില്‍ ഒളിവിലാണെന്ന സൂചനകളാണ് പൊലീസ് നല്‍കുന്നത്. എന്നാല്‍ താരം ഒളിവില്‍ അല്ലെന്നും പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും തനിക്കും ബന്ധുക്കള്‍ക്കുമെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. താന്‍ നല്‍കിയ കോടതിയലക്ഷ്യ നടപടി കേസില്‍ പ്രത്യേക കോടതി ബൈജു പൗലോസിനു നോട്ടിസ് നല്‍കിയിരുന്നു. ഈ ജാമ്യ ഹര്‍ജിയിലെ വിധി കേസില്‍ നിര്‍ണ്ണായകമാകും.

ദിലീപിന് അനുകൂലമായി വിധി വന്നാല്‍ അത് പൊലീസിന് വലിയ തിരിച്ചടിയാവുകയും ചെയ്യും. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ സാക്ഷിയായി വിസ്തരിക്കപ്പെടുമ്പോള്‍ അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തന്നെ പ്രതിയാക്കാന്‍ നടത്തിയ കൃത്രിമ നടപടികളും പുറത്തുവരുമെന്നു ബൈജു പൗലോസ് ഭയപ്പെടുന്നു. വിചാരണ തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണു നടപടി.

ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്‌പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.

ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി നാളെ എറണാകുളം മജിസ്‌ട്രേട്ട് രണ്ടാം കോടതിയില്‍ രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്തും മുന്‍പ് തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയെത്തുടര്‍ന്നു പൊലീസ് സംരക്ഷണം നല്‍കിയിട്ടുണ്ട്. കോടതിയിലേക്കു വരും വഴിയിലും സുരക്ഷ ഉറപ്പാക്കാന്‍ ലോക്കല്‍ പൊലീസിനും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.