play-sharp-fill
മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം, യുവതികളെ പറ്റിച്ച് പണം തട്ടും ; വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ ;പ്രതിയെ കുടിക്കിയത് ടിഷർട്ട്‌

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം, യുവതികളെ പറ്റിച്ച് പണം തട്ടും ; വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ ;പ്രതിയെ കുടിക്കിയത് ടിഷർട്ട്‌

മാവേലിക്കര: വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പത്തനംതിട്ട പെരുമ്പെട്ടി തേനയംപ്ലാക്കല്‍ സജികുമാര്‍ (മണവാളന്‍ സജി-47) ആണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

വിവാഹ വെബ്‌സൈറ്റുകളിലെ പരസ്യം കണ്ട് യുവതികളെ വിളിച്ച് ബന്ധം സ്ഥാപിച്ച ശേഷം തട്ടിപ്പ് നടത്തുന്നതാണ് ഇയാളുടെ രീതി.
കോട്ടയം നാട്ടകത്ത് നിന്നാണ് സജികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ള നിരവധി യുവതികളില്‍ നിന്ന് ഇയാള്‍ പണം തട്ടിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് മാവേലിക്കര സ്വദേശിനി പരാതി നല്‍കിയത്. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സജിയെ കണ്ടെത്തുകയായിരുന്നു.

ഓണ്‍ലൈന്‍ പരസ്യങ്ങള്‍ കണ്ട് വിളിക്കുന്ന ഇയാളുടെ സംസാരത്തില്‍ മിക്ക യുവതികളും കുരുങ്ങുമെന്ന് പൊലീസ് പറയുന്നു. വിശ്വസനീയമായ രീതിയില്‍ പല കള്ളങ്ങള്‍ പറഞ്ഞാണ് ലക്ഷങ്ങള്‍ തട്ടുന്നത്. പിന്നീട് മുങ്ങുന്നതാണ് രീതി. തനിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെന്നാണ് പ്രതി യുവതിയെ വിശ്വസിപ്പിച്ചിരുന്നത്. തന്റെ ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടെന്നും തകരാര്‍ പരിഹരിക്കാന്‍ രണ്ടര ലക്ഷം രൂപ വേണമെന്നും പറഞ്ഞ് പരാതിക്കാരിയില്‍ നിന്ന് ഇയാള്‍ പണം വാങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം നല്‍കിയതിന് ശേഷം വിളിക്കുന്നതും സന്ദേശം അയക്കുന്നതും നിര്‍ത്തിയതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ യുവതി നേരില്‍ കണ്ടിരുന്നില്ല. സൗഹൃദം സ്ഥാപിച്ച സമയത്ത് പ്രതി യുവതിക്ക് അയച്ചു നല്‍കിയ ചിത്രങ്ങളിലെ ടീഷര്‍ട്ടില്‍ രേഖപ്പെടുത്തിയ ഹോട്ടലിന്റെ പേര് പൊലീസ് അന്വേഷണത്തില്‍ നിര്‍ണായകമായി. ഇയാളുടെ പക്കല്‍ നിന്ന് പൊലീസിന് ലഭിച്ച രണ്ട് തിരിച്ചറിയല്‍ രേഖകളില്‍ ഒന്നില്‍ എറണാകുളം കോതമംഗലം രാമനെല്ലൂര്‍ കാഞ്ഞിക്കല്‍ വീട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.