പാലക്കാട് വാളയാറില്‍ പത്തുലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്തു; കാറിലെത്തിയവരെ ലോറിയിട്ട് തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

പാലക്കാട്: വാളയാറില്‍ ദേശീയ പാതയില്‍ അക്രമിസംഘം പത്തുലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്തതായി പരാതി. കുഴല്‍പ്പണവുമായി കാറിലെത്തിയവരെ ലോറിയിട്ട് തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം. മറ്റൊരു കാറിലെത്തിയ അക്രമി സംഘമാണ് പണം തട്ടിയെടുത്തതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തെ കുറിച്ച് വാളയാര്‍ പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.

ഇന്ന് രാവിലെയാണ് സംഭവം. ദേശീയപാതയില്‍ കുഴല്‍പ്പണം കടത്തുന്ന സംഘവും ഇവരെ ആക്രമിച്ച് പണം കവരുന്ന സംഘവും സജീവമാകുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. റോഡരികില്‍ കടകളോ മറ്റോ ഒന്നും ഇല്ലാത്ത ഒറ്റപ്പെട്ട സ്ഥലത്ത് വച്ചായിരുന്നു ആക്രമണം. സേലത്ത് നിന്ന് മലപ്പുറത്തേയ്ക്ക് വരികയായിരുന്ന കാറിനെ പിന്തുടര്‍ന്നാണ് അക്രമിസംഘം കുഴല്‍പ്പണം തട്ടിയെടുത്തത്.

കുഴല്‍പ്പണവുമായി കാറിലെത്തിയവരെ ലോറി കുറുകെയിട്ട് തടഞ്ഞ ശേഷം പിന്നാലെ കാറിലെത്തിയ അക്രമി സംഘം ആക്രമിക്കുകയായിരുന്നു. കുഴല്‍പ്പണവുമായി വന്ന കാറില്‍ രണ്ടു യുവാക്കളാണ് ഉണ്ടായിരുന്നത്. ഒരാളെ ബലമായി കാറില്‍ നിന്ന് പുറത്തിറക്കിയ ശേഷം രണ്ടാമത്തെ യുവാവുമായി അതേ കാറില്‍ സംഘം കടന്നു കളഞ്ഞു. തുടര്‍ന്ന് വഴിമധ്യേ രണ്ടാമത്തെ യുവാവിനെയും കാറില്‍ നിന്ന്് ഇറക്കിവിട്ട ശേഷം സംഘം കടന്നുകളഞ്ഞതായി പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group