
സ്വന്തം ലേഖിക
ബ്വേനസ് ഐറിസ്: മെക്സിക്കോയെ വീഴ്ത്തിയ ആഘോഷങ്ങള്‍ക്കിടെ അവരുടെ ദേശീയ പതാകയെ നിലത്തിട്ടുചവിട്ടിയെന്നും അപമാനിച്ചെന്നും കടുത്ത വിമര്‍ശനവുമായി എത്തിയ ബോക്സിങ് സൂപര്‍ സ്റ്റാര്‍ കാന്‍സലോ അല്‍വാരസിന് അതേ നാണയത്തില്‍ മറുപടിയുമായി അര്‍ജന്റീന സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ.
ലോകകപ്പില്‍ ആദ്യ കളിയില്‍ സൗദിക്കെതിരെ പരാജയപ്പെട്ട അര്‍ജന്റീന നിര്‍ണായകമായ രണ്ടാമത്തെ മത്സരത്തിലാണ് മെക്സിക്കോക്കെതിരെ ഇറങ്ങിയത്. മെസ്സി ഗോളടിക്കുകയും അടിപ്പിക്കുകയും ചെയ്ത കളിയില്‍ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു അര്‍ജന്റീന ജയം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ നോക്കൗട്ട് സാധ്യത സജീവമാക്കിയ അര്‍ജന്റീന ടീം കളി കഴിഞ്ഞുടന്‍ ഡ്രസ്സിങ് റൂമില്‍ വിജയം ആഘോഷിച്ചിരുന്നു. ഇതിനിടെയാണ് മെക്സിക്കോ പതാകയില്‍ മെസ്സി ചവിട്ടുന്നതായി ചിത്രങ്ങള്‍ പ്രചരിച്ചത്.
പരാജയത്തില്‍ മനംനൊന്ത മെക്സിക്കോ ആരാധകര്‍ വിഷയം ഏറ്റെടുത്തു. മെക്സിക്കോക്കാരനായ ബോക്സര്‍ അല്‍വാരസും വിഷയം ഏറ്റുപിടിച്ച് സമൂഹ മാധ്യമത്തില്‍ വിമര്‍ശനവുമായി എത്തി.
മെസ്സി മെക്സിക്കോയെ ആദരിക്കണമെന്ന ഭീഷണിയും ഇതോടൊപ്പം ഉന്നയിച്ചു.
എന്നാല്‍, വിഷയം പൂര്‍ണമായി മനസ്സിലാക്കാതെ സമൂഹ മാധ്യമത്തില്‍ പ്രതികരണവുമായി എത്തുന്നത് ശരിയല്ലെന്നായിരുന്നു അഗ്യൂറോയുടെ മറുപടി.
”കാന്‍സലോ, വെറുതെ ഒഴികഴിവുകളും പ്രശ്നങ്ങളും തേടിനടക്കരുത്. ഫുട്ബാളിനെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല. അവിടെ, ഡ്രസ്സിങ് റൂമില്‍ നടക്കുന്നതിനെ കുറിച്ചും. കളി കഴിയുന്നതോടെ ഷര്‍ട്ടുകള്‍ നിലത്താണുണ്ടാകുക. വിയര്‍പ്പാണ് പ്രശ്നം. ബൂട്ട് അഴിക്കാന്‍ നീങ്ങുന്നതിനിടെ അറിയാതെ കാല്‍ തട്ടുന്നതാണത്”- അഗ്യൂറോ പറഞ്ഞു.
സംഭവത്തില്‍ മെസ്സി പ്രതികരിച്ചിട്ടില്ല. ബുധനാഴ്ച പോളണ്ടിനെതിരെയാണ് ടീമിന് അടുത്ത മത്സരം. വിജയം ടീമിന് നോക്കൗട്ട് ഉറപ്പാക്കും. സമനിലയും ചിലപ്പോള്‍ അടുത്ത ഘട്ടത്തിലേക്ക് വഴി തുറക്കും.



