കോട്ടയം കേരള ബാങ്കിന് മുൻപിൽ കൂട്ടിക്കല്‍ നിവാസികൾക്കൊപ്പം വൃദ്ധ ദമ്പതികളുടെ പ്രതിഷേധം; ഒടുവിൽ താത്‌കാലികമായി ലേല നടപടികള്‍ നിര്‍ത്തിവെച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍; ജപ്‌തി നിര്‍ത്തി
സ്വന്തം ലേഖിക
കോട്ടയം: കൂട്ടിക്കല്‍ പ്രളയ ദുരന്തത്തില്‍ ഇരകളായ വൃദ്ധ ദമ്പതികളുടെ വീട് ലേലത്തില്‍ വച്ച നടപടി കേരള ബാങ്ക് താത്‌കാലികമായി നിര്‍ത്തിവച്ചു.
ദമ്പതികളുടെയും മറ്റു കൂട്ടിക്കല്‍ നിവാസികളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് ബാങ്ക് നടപടി. കൂട്ടിക്കല്‍ പരുവക്കാട്ടില്‍ ദാമോദരന്‍ ഭാര്യ വിജയമ്മ എന്നിവരുടെ 10 സെന്‍റ് പുരയിടവും വീടുമാണ് കേരള ബാങ്ക് ഇന്ന് ലേലത്തിന് വച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലേല നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം കേരള ബാങ്കിന് മുൻപിലാണ് വൃദ്ധ ദമ്ബതികള്‍ പ്രതിഷേധ ധര്‍ണ നടത്തിയത്. കടുത്ത പ്രതിഷേധത്തിനൊടുവില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ താത്‌കാലികമായി ലേല നടപടികള്‍ നിര്‍ത്തിവയ്‌ക്കുകയായിരുന്നു.
2021 ഒക്‌ടോബര്‍ 16 നായിരുന്നു കൂട്ടിക്കല്‍ പ്രദേശത്തെ ആകെ പിടിച്ചുലച്ച പ്രളയ ദുരന്തം ഉണ്ടായത്.
കൂട്ടിക്കല്‍ പ്രളയ ദുരന്തത്തിലെ ഇരകളാണ് പരുവക്കാട്ടില്‍ ദാമോദരന്‍ വിജയമ്മ ദമ്പതികള്‍.
2012ല്‍ നാല് ലക്ഷം രൂപ ദാമോദരനും ഭാര്യയും കേരള ബാങ്കില്‍ നിന്ന് വീട് നിര്‍മാണത്തിനായി വായ്‌പ എടുത്തിരുന്നു. പിന്നീട് 2016 ഇതേ ലോണ്‍ പുതുക്കി 5 ലക്ഷം രൂപ കൂടി ഇവര്‍ എടുത്തു.
അതിനിടെ ദാമോദരന് ഹൃദയ സംബന്ധമായ അസുഖം ബാധിച്ചു. തുടര്‍ന്ന് തിരിച്ചടവ് മുടങ്ങി. വായ്‌പയെടുത്ത തുക പലിശ സഹിതം തിരിച്ചടച്ചില്ലെങ്കില്‍ വീട് ലേലത്തിന് വയ്‌ക്കുമെന്ന് കാണിച്ച് രണ്ടാഴ്‌ച മുൻപ് ബാങ്ക് ഇവര്‍ക്ക് സെയില്‍സ് നോട്ടിസ് അയച്ചു.
നോട്ടിസ് ലഭിച്ചതിന് പിന്നാലെ തിരിച്ചടയ്ക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനെയും ഈരാറ്റുപേട്ട എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തിങ്കലിനെയും കണ്ടു. ബാങ്ക് നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്‌ക്കും എന്ന് ഇരുവര്‍ക്കും മന്ത്രിയും എംഎല്‍എയും ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ ലേല നടപടികളുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ മുന്നോട്ടു പോകുകയായിരുന്നു.
10.45 ലക്ഷം രൂപയ്ക്ക് ആയിരുന്നു ഇവരുടെ വീട് കേരള ബാങ്ക് ലേലത്തിന് വച്ചത്. അതോടെ ദാമോദരനും വിജയമ്മയും അടങ്ങുന്ന 25 ഓളം കൂട്ടിക്കല്‍ സ്വദേശികള്‍ കോട്ടയം കേരള ബാങ്ക് ആസ്ഥാനത്ത് പ്രതിഷേധയുമായി എത്തി. പ്രതിഷേധം കടുത്തതോടെ ബാങ്ക് താത്‌കാലികമായി ലേല നടപടികള്‍ നിര്‍ത്തിവച്ചു.