
മൂന്നാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം അപകടം നടന്ന വട്ടവട റോഡില്‍ നിന്നും അരകിലോമീറ്റര്‍ മാറി മണ്ണില്‍ പുതഞ്ഞ നിലയിൽ
സ്വന്തം ലേഖിക
അടിമാലി: മൂന്നാറിന് സമീപം കുണ്ടളയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കോഴിക്കോട് മുത്തപ്പന്‍കാവ് കല്ലട വീട്ടില്‍ രൂപേഷാണ് മരണപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന വട്ടവട റോഡില്‍ നിന്നും അരകിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മാറ്റിയിട്ടുണ്ട്.
വിനോദയാത്രയ്‌ക്കെത്തിയ പതിനൊന്ന് അംഗം സഞ്ചരിച്ച ട്രാവലര്‍ മണ്ണും ചെളിയും പതിച്ച് കൊക്കയിലേക്ക് മറിഞ്ഞാണ് രൂപേഷിനെ കഴിഞ്ഞ ദിവസം കാണാതായത്. മറ്റുള്ളവരും ഡ്രൈവറും ഓടിമാറിയതിനാല്‍ തലനാരിഴയ്ക്ക് വന്‍ദുരന്തം ഒഴിവായി.
മൊബൈല്‍ എടുക്കാന്‍ രൂപേഷ് അകത്ത് കയറിയപ്പോഴാണ് വാഹനം മറിഞ്ഞത്.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മൂന്നാര്‍ വട്ടവട റോഡില്‍ കുണ്ടള ഡാമിന് സമീപം പുതുക്കടിയിലാണ് ഉരുള്‍പൊട്ടിയത്.
വട്ടവട സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന കോഴിക്കോട്, വടകര സ്വദേശികളായ സഞ്ചാരികളുടെ ട്രാവലറിന് മുകളിലേക്ക് ഉരുള്‍പൊട്ടി മണ്ണും ചെളിയും പതിക്കുകയായിരുന്നു. അപകടം അറിയാതെ മണ്ണിടിച്ചിലാണെന്ന് കരുതി ഡ്രൈവറൊഴികെ എല്ലാവരും പുറത്തിറങ്ങി വാഹനം തള്ളി നീക്കാന്‍ ശ്രമിച്ചു.
പിന്നാലെ മുകളില്‍ നിന്ന് വലിയ തോതില്‍ കല്ലും മണ്ണും ഒഴുകിയെത്തി. ഇതോടെ ഡ്രൈവറും പുറത്തിറങ്ങി വണ്ടി തള്ളിയവര്‍ക്കൊപ്പം ഓടിമാറി. നിരങ്ങി നീങ്ങിയ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. രൂപേഷിന് ഇറങ്ങി രക്ഷപ്പെടാനായില്ല.
ഇന്നലെ പൊലീസും ഫയര്‍ഫോഴ്സും ഏറെ നേരം തിരഞ്ഞെങ്കിലും രൂപേഷിനെ കണ്ടെത്താനായിരുന്നില്ല. രണ്ട് മണിക്കൂറിലേറെ നീണ്ട തിരച്ചിലിലാണ് 800 മീറ്ററോളം താഴെ പാറകള്‍ക്ക് മുകളില്‍ പൂര്‍ണമായും തകര്‍ന്ന ട്രാവലര്‍ കണ്ടെത്തിയത്. രൂപേഷിനായി ഇന്ന് വീണ്ടും തിരച്ചില്‍ ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.