പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം; കോട്ടയത്തെ നിയമന കുംഭകോണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വരും ദിനങ്ങളിൽ പുറത്തുവരും: ജി ലിജിൻ ലാൽ
സ്വന്തം ലേഖിക
കോട്ടയം: പിൻവാതിൽ – പിന്നാമ്പുറ നിയമനങ്ങളുടെ കോട്ടയം പതിപ്പ് ഒരോ ദിവസവും കുടുതൽ കൂടുതൽ അനാവൃതമാകുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ആരോപിച്ചു.
കോട്ടയത്ത് ഒരു നിയമ വിരുദ്ധ നിയമന മാഫിയ തന്നെ സി. പി. എം തണലിൽ വിഹരിക്കുന്നുണ്ട്. എംജി സർവകലാശാല, കോട്ടയം മെഡിക്കൽ കോളേജ്, കോട്ടയം ജനറൽ ആശുപത്രി, ദേവസ്വം ബോർഡ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലായി പിൻവാതിലിലൂടെ നൂറുകണക്കിന് പേരെയാണ് വർഷാവർഷം തിരുകി കയറ്റുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗ്യതയെക്കാൾ ഉപരിയായി പാർട്ടി വിധേയത്വം കൂറും പണവും മാത്രമാണ് ഇവിടെ അടിസ്ഥാന യോഗ്യതയായി പരിഗണിക്കുന്നത്. എം.ജി സർവ്വകലാശാലയിൽ മാത്രം 400 ഇഷ്ട – പിൻവാതിൽ നിയമനങ്ങൾ നടന്നിരിക്കുന്നു.
കോട്ടയം മെഡിക്കൽ കോളേജിലും ഇത്തരത്തിൽ പാർട്ടിക്കാരെ നിയമിക്കുന്നു. ഇത്തരം നിയമനങ്ങളിലൂടെ ഈ സ്ഥാപനങ്ങളെ തന്നെ തകർക്കുകയാണ് സർക്കാരും പാർട്ടിയും ചെയ്യുന്നതെന്ന് ലിജിൻലാൽ ആരോപിച്ചു.
ഇതൊക്കെ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. കോട്ടയത്തെ നിയമന കുംഭകോണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വരും ദിനങ്ങളിൽ പുറത്തുവരും.
ഉദ്യോഗാർഥികളെ ഇരുട്ടിലാക്കി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനെയും പി.എസ്.സിയേയും നോക്കുകുത്തിയാക്കിയാണ് ഈ നിയമനങ്ങൾ തകർക്കുന്നത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയിരിക്കുന്നത് സി.പി.എം കൗൺസിലർ തന്നെയാണ്.
ഇതിനെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറാവണം. ഇത് സമൂഹമധ്യത്തിൽ തുറന്നു കാണിക്കുന്നതിനായി ബിജെപി അതിവിപുലമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകും.