play-sharp-fill
മത്സരച്ചൂടില്‍ സി.പി.ഐ;  ശക്തമായ പോരാട്ടത്തിനൊരുങ്ങി നേതാക്കൾ; നിര്‍ണായകമാകുക ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍; മത്സരം ഒഴിവാക്കാന്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയുമായി രംഗത്തു വന്നേക്കും; പ്രതീക്ഷയിൽ ഇരുവിഭാഗങ്ങളും…!

മത്സരച്ചൂടില്‍ സി.പി.ഐ; ശക്തമായ പോരാട്ടത്തിനൊരുങ്ങി നേതാക്കൾ; നിര്‍ണായകമാകുക ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍; മത്സരം ഒഴിവാക്കാന്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയുമായി രംഗത്തു വന്നേക്കും; പ്രതീക്ഷയിൽ ഇരുവിഭാഗങ്ങളും…!

സ്വന്തം ലേഖിക

ആലപ്പുഴ: സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി പിടിക്കാന്‍ ഇരുവിഭാഗങ്ങളും ശക്തമായ മത്സരത്തിന് ഒരുങ്ങുകയാണ്.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരം തടയാന്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ ഉള്‍പ്പടെയുള്ളവര്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയുമായി രംഗത്തുവന്നേക്കുമെന്നുമാണ് പാര്‍ട്ടി നിഗമനം. സി.പി.ഐയ്ക്ക് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ജില്ലകളായ കൊല്ലം തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങിയിടങ്ങളിലും കരുത്തുകാട്ടാനായതാണ് കാനം രാജേന്ദ്രന്‍ വിരുദ്ധപക്ഷത്തിൻ്റെ ഏക പ്രതീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലത്ത് കാനം വിരുദ്ധപക്ഷക്കാരനായ പി.എസ്. സുപാല്‍ ജില്ലാ സെക്രട്ടറിയായപ്പോള്‍ കാനത്തിന്റെ സ്വന്തം ജില്ലയായ കോട്ടയത്ത് ഔദ്യോഗിക പക്ഷം അവതരിപ്പിച്ച സ്ഥാനാര്‍ഥിക്കെതിരേ മത്സരിച്ച വി.ബി. ബിനു അട്ടിമറി വിജയമാണ് നേടിയത്. ജില്ലാ സമ്മേളനങ്ങള്‍ കഴിഞ്ഞതോടെ ഇടുക്കിയിലും കാനം വിരുദ്ധ പക്ഷത്തിനാണ് മേൽകൈ.

കെ.ഇ. ഇസ്മായിലിന്റെ നേതൃത്വത്തില്‍ മുന്‍ മന്ത്രി സി.ദിവാകരന്‍, നിലവില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.പ്രകാശ് ബാബു, സത്യന്‍ മൊകേരി എന്നിവരുള്‍പ്പെടുന്ന നേതാക്കളാണ് കാനം വിരുദ്ധപക്ഷത്ത് ശക്തമായി നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ മൂന്നാം ടേം ലക്ഷ്യമിടുന്ന കാനം രാജേന്ദ്രനാകട്ടെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടുപോകുന്നത്.

വ്യക്തമായ മേൽകൈ ഔദ്യോഗിക വിഭാഗത്തിനുണ്ടെന്ന് അദ്ദേഹത്തോടൊപ്പമുള്ളവര്‍ വിലയിരുത്തുന്നു. കേരളത്തില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇതുവരെ മത്സരം ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണ കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ കാനത്തിനെതിരേ മത്സരത്തിന് ഒരുങ്ങിയ കെ.ഇ. ഇസ്മായിലിനെ ദേശീയനേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

എന്നാല്‍ ജനാധിപത്യപരമായി മത്സരിക്കുന്നത് തെറ്റല്ലെന്ന നിലപാടിലേക്ക് പ്രമുഖനേതാക്കള്‍ അടക്കം എത്തുമ്പോള്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടലാകും ഇനി സുപ്രധാനം.