ഭീകരവാദികള്‍ക്ക് മുൻപില്‍ മുട്ടുമടക്കാന്‍ ബിജെപി തയ്യാറല്ല; വിധ്വംസക ശക്തികളുടെ വേരറുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; കേരളത്തില്‍ മതതീവ്രവാദം തഴച്ചുവളരാന്‍ ഇടതു-വലതു മുന്നണികള്‍ അവസരം ഒരുക്കുന്നു; കെ സുരേന്ദ്രന്‍
സ്വന്തം ലേഖിക
കോട്ടയം: ഇടത്-വലത് മുന്നണികളുടെ സമീപനമാണ് കേരളത്തില്‍ മതഭീകരവാദ ശക്തികളുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കാന്‍ കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
ബിജെപി കോട്ടയം ജില്ലാ കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.
ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലെന്ന് അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിധ്വംസക ശക്തികളുടെ വേരറുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഉദാഹരണമാണ് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന റെയ്‌ഡെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്താന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഹര്‍ത്താല്‍ സംസ്ഥാനത്ത് മാത്രമാണ് നടന്നത്. ആംബുലന്‍സുകള്‍ വരെ ആക്രമിക്കപ്പെട്ടു. സര്‍ക്കാര്‍ നോക്കുകുത്തിയായി,പോലീസ് നിഷ്‌ക്രിയമായെന്ന് അദ്ദേഹം ആരോപിച്ചു.
തണുപ്പന്‍ സമീപനമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ അഴിഞ്ഞാട്ടത്തിനോട് സര്‍ക്കാര്‍ പുലര്‍ത്തിയത്. രാഹുല്‍ ഗാന്ധി ജോഡോ യാത്രയില്‍ ഒരിക്കല്‍ പോലും പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറഞ്ഞില്ലെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ഭീകരവാദികള്‍ക്ക് മുൻപില്‍ മുട്ടുമടക്കാന്‍ ബിജെപി തയ്യാറല്ല. പാലാ ബിഷപ്പ് പറഞ്ഞതും തലശ്ശേരി ബിഷപ്പ് പറഞ്ഞതും ബിജെപി എത്രയോ കാലമായി പറയുന്നതാണ്. ക്രൈസ്തവ സമൂഹത്തിനൊപ്പം ബിജെപിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.