play-sharp-fill
ദേവസ്വം ബോര്‍ഡ്, ബിവറേജസ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ക്ലര്‍ക്ക്, അറ്റന്‍ഡര്‍, പ്യൂണ്‍ തസ്തികകളില്‍ ജോലി വാഗ്ദാനം;  വ്യാജ സീലും നിയമന ഉത്തരവും’; നിരവധി പേരിൽ നിന്നും  ലക്ഷങ്ങള്‍ തട്ടിയ പ്രതികൾ ഒടുവില്‍ പിടിയിൽ

ദേവസ്വം ബോര്‍ഡ്, ബിവറേജസ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ക്ലര്‍ക്ക്, അറ്റന്‍ഡര്‍, പ്യൂണ്‍ തസ്തികകളില്‍ ജോലി വാഗ്ദാനം; വ്യാജ സീലും നിയമന ഉത്തരവും’; നിരവധി പേരിൽ നിന്നും ലക്ഷങ്ങള്‍ തട്ടിയ പ്രതികൾ ഒടുവില്‍ പിടിയിൽ

സ്വന്തം ലേഖിക

മാവേലിക്കര: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍.


കണ്ണമംഗലം കടവൂര്‍ പത്മാലയം വീട്ടില്‍ പി രാജേഷ് (34), കണ്ണമംഗലം പേള പള്ളിയമ്പില്‍ വീട്ടില്‍ വി.അരുണ്‍(24) എന്നിവരെയാണ് മാവേലിക്കര പൊലീസ് ഇന്‍സ്പെക്ടര്‍ സി.ശ്രീജിത്ത് , എസ്.ഐ സി.എച്ച്‌. അലി അക്ബര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഘത്തിലെ പ്രധാന പ്രതി കണ്ണമംഗലം കടവൂര്‍ കല്ലിട്ട കടവില്‍ വി.വിനീഷ് രാജന്‍ ആലപ്പുഴ ജില്ല കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവസ്വം ബോര്‍ഡ്, ബിവറേജസ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ക്ലര്‍ക്ക്, അറ്റന്‍ഡര്‍, പ്യൂണ്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് രണ്ട് പ്രതികളെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വൈക്കം ക്ഷേത്ര കലാപീഠം എന്ന സ്ഥാപനത്തില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് എരുവ സ്വദേശിയില്‍ നിന്നും 3.25 ലക്ഷം രൂപ കൈപ്പറ്റിയ സംഘം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ വ്യാജ ലെറ്റര്‍ പാഡില്‍ വ്യാജ സീല്‍ പതിച്ച്‌ നിയമന ഉത്തരവുകള്‍ അയച്ചു നല്‍കി.

നിയമന ഉത്തരവുമായി വൈക്കം ക്ഷേത്ര കലാപീഠത്തില്‍ എത്തിയ എരുവ സ്വദേശിയില്‍ നിന്നും രേഖകള്‍ വാങ്ങി പരിശോധിച്ച ദേവസ്വം അധികൃതര്‍ അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.
തുടര്‍ന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി. ജയ് ദേവ് ഐ.പി.എസിന് വിവരം നല്‍കി.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മാവേലിക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ഡോ.ആര്‍. ജോസിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി വെളിപ്പെട്ടത്. പ്രതികള്‍ മാവേലിക്കര, ചെട്ടികുളങ്ങര, പെരിങ്ങാല, മാന്നാര്‍ , വള്ളികുന്നം, എന്നിവിടങ്ങളിലായി നിരവധി പേരെ ദേവസ്വം ബോര്‍ഡിന്റെ വിവിധ സ്ഥാപനങ്ങളിലും ബിവറേജസ് കോര്‍പ്പറേഷനിലും ജോലി നല്‍കാമെന്ന് പറഞ്ഞ് ഒരു ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെ ഓരോരുത്തരില്‍ നിന്നും തട്ടിയെടുക്കുകയും വ്യാജ നിയമന ഉത്തരവുകള്‍ നല്‍കുകയും ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടിരുന്നു.

പ്രതികള്‍ പണം കൈപ്പറ്റി നല്‍കിയ മുദ്ര പത്രങ്ങളും ചെക്കുകളും വ്യാജ നിയമന ഉത്തരവുകളും കണ്ടെടുത്തിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ മുഖ്യപ്രതി വിനീഷ് രാജന്റെ കടവൂര്‍ കുളത്തിനടുത്തുള്ള താവളത്തില്‍ നിന്നും ഇയാള്‍ കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോര്‍ഡിന്റെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 ആണ് എന്ന നിലയില്‍ ഉള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡും വിവിധ വ്യാജ രേഖകളും 13 കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.