
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം ജില്ലയിലെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്.
ക്ലാസുകള്‍ നാളെ ആരംഭിക്കും. എന്നാല്‍ അപേക്ഷ സമര്‍പ്പിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ലഭിച്ചിട്ടില്ല. സ്പോര്‍ട്സ് , മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട അഡ്മിഷന് പ്രക്രിയകള്‍ നടക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയില്‍ 136 സ്കൂളുകളിലായി ആകെയുള്ളത് 22,208 പ്ലസ് വണ്‍ സീറ്റുകളാണ്. ഇതില്‍ മെറിറ്റ് സീറ്റുകള്‍ 13,566 എണ്ണമാണ്. മൂന്നാം ഘട്ട അലോട്ട്മെന്റ് കഴിയുമ്പോള്‍ മെറിറ്റ് സീറ്റ് ഒരെണ്ണമാണ് ബാക്കിയുള്ളത്. 136 സ്കൂളുകളില്‍ 23 എണ്ണം അണ്‍എയ്ഡഡ് ആണ്.
ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചവര്‍ 19,393 പേരായിരുന്നു. മറ്റ് സിലബസുകളില്‍ നിന്നെത്തിയവരുള്‍പ്പെടെ ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചത് 23,644 വിദ്യാര്‍ത്ഥികളാണ്.
മൂന്നാംഘട്ട അലോട്ടമെന്റിന് ശേഷം പ്രവേശനം ലഭിച്ചത് ആകെ 13,565 പേര്‍ക്കാണ്. ഇതില്‍ മൂന്നാം ഘട്ടത്തില്‍ പുതുതായി ഉള്‍പ്പെട്ടത് ആകെ 3733 വിദ്യാര്‍ത്ഥികള്‍ മാത്രം.
ഉയര്‍ന്ന ഒപ്ഷന്‍ ലഭിച്ചത് 1461 പേര്‍ക്കും. സയന്‍സ് ബാച്ചുകള്ക്കായിരുന്നു ആവശ്യക്കാര്‍ ഏറെ. ജില്ലയില്‍ 281 സയന്‍സ് ബാച്ചുകളാണുള്ളത്. ആകെ 14,036 സീറ്റുകള്‍. 70 ഹ്യുമാനിറ്റീസ് ബാച്ചുകളും 94 കൊമേഴ്സ് ബാച്ചുകളും ഉള്‍പ്പെടെ ആകെ 445 ബാച്ചുകള്‍.
മാനേജ്മെന്റ്, കമ്മ്യൂണിറ്റി അഡ്മിഷന് പൂര്‍ത്തിയായാല്‍ മാത്രമേ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സീറ്റ് ലഭിക്കാനുണ്ടെന്ന് അറിയുകയുള്ളൂ. അപേക്ഷ സമര്‍പ്പിച്ച് അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് സപ്ളിമെന്ററി അലോട്ടമെന്റില്‍ ഒപ്ഷന്‍ പുതുക്കി നല്‍കാം. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും അഡ്മിഷന് ലഭിച്ചിട്ട് ചേരാന്‍ കഴിയാതെ പോയവര്‍ക്കും അവസരം നല്കാന് നിര്‍ദേശമുണ്ട് .



