കമ്യൂണിസ്റ്റ് പ്രബലരുടെ ‘ബാങ്കർ’; ശതകോടീശ്വരനെ 13 വർഷം തടവിലിടാൻ ചൈന

Spread the love

ബെയ്ജിങ്: അഞ്ച് വർഷം മുമ്പ് ഹോങ്കോങ്ങിൽ നിന്ന് കാണാതായ ചൈനീസ് കോടീശ്വരനെ ഷാങ്ഹായ് കോടതി 13 വർഷം തടവിന് ശിക്ഷിച്ചു. ചൈനയിലെ ശതകോടീശ്വരൻമാരിൽ ഒരാളും രാഷ്ട്രീയ നേതാക്കളുടെ ധനവിനിയോഗകാര്യ വിദഗ്ധനുമായിരുന്ന ഷിയാവോ ജിയാൻഹുവയ്ക്കാണ് ചൈനയിലെ ഷാങ്ഹായ് കോടതി ജയിൽ ശിക്ഷ വിധിച്ചത്. ഷിയാവോയുടെ ഉടമസ്ഥതയിലുള്ള ടൊമോറോ ഹോൾഡിംഗ്സ് എന്ന കമ്പനിക്ക് 8.1 ബില്യൺ ഡോളർ (ഏകദേശം 63,000 കോടി രൂപ) പിഴ ചുമത്തുകയും ചെയ്തു. ഇത് ചൈനയിലെ റെക്കോർഡ് പിഴയാണ്. ഷിയാവോയുടെ ആസ്തി 6 ബില്യൺ ഡോളറാണ് (ഏകദേശം 47,000 കോടി രൂപ). ഷിയാവോയ്ക്ക് 9.5 ലക്ഷം ഡോളർ (ഏകദേശം 7.5 കോടി രൂപ) പിഴയും കോടതി വിധിച്ചു.

പൊതുനിക്ഷേപം നിയമവിരുദ്ധമായി തട്ടിയെടുക്കുക, വിശ്വസിച്ച് ഏൽപ്പിച്ച സ്വത്തിന്റെ വിനിയോഗത്തിൽ വഞ്ചന നടത്തുക, ഫണ്ട് ദുരുപയോഗം ചെയ്യുക, കൈക്കൂലി വാങ്ങുക തുടങ്ങിയ കുറ്റങ്ങളാണ് ഷാങ്ഹായ് ഫസ്റ്റ് ഇന്‍റർമീഡിയറ്റ് കോടതി ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷിയാവോയും ടൊമോറോ ഹോൾഡിംഗ്സും രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ ദോഷകരമായി ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ഷിയാവോ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അനധികൃതമായി സമ്പാദിച്ചത് തിരികെ നൽകാനും നഷ്ടം നികത്താനും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. അതുകൊണ്ടാണ് ശിക്ഷ കുറച്ചതെന്നും കോടതി പറഞ്ഞു.

ചൈനയിലെ ശതകോടീശ്വരൻമാരിൽ ഒരാളായ ഷിയാവോയ്ക്ക് കനേഡിയൻ പൗരത്വവുമുണ്ട്. എന്നാൽ കോടതി നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന കാനഡയുടെ ആവശ്യം ചൈന തള്ളി. ഷിയാവോയ്ക്ക് ചൈനീസ് പൗരത്വമുള്ളതിനാൽ കാനഡയുമായുള്ള നയതന്ത്ര കരാർ പ്രകാരം അദ്ദേഹത്തെ കാണാൻ അനുവദിക്കാനാവില്ലെന്നായിരുന്നു ചൈനീസ് നിലപാട്. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അടുത്ത അനുയായിയായിരുന്നു ഷിയാവോ. രാജ്യത്തെ പല ഉന്നത വ്യക്തികളുടെയും സാമ്പത്തിക സഹായിയായി ഷിയാവോ അറിയപ്പെട്ടിരുന്നു. ന്യൂയോർക്ക് ടൈംസ് ഒരിക്കൽ അദ്ദേഹത്തെ ‘അധികാര വർഗത്തിന്‍റെ ബാങ്കർ’ എന്ന് വിശേഷിപ്പിച്ചു. ബാങ്കിംഗ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, കൽക്കരി വിപണനം, സിമന്‍റ് നിർമ്മാണം, ധാതുക്കൾ എന്നിവയുമായി ബന്ധപ്പെട്ട ഒരു നിക്ഷേപ കമ്പനിയാണ് ടോമോറോ ഗ്രൂപ്പ്. അതിന്‍റെ സ്ഥാപകനാണ് ഷിയാവോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group