
സ്വന്തം ലേഖിക
കൊല്ലം: കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ള റിട്ട. അധ്യാപികയെ വീടിനുള്ളിൽ അവശനിലയില്‍ കണ്ടെയത്തിയതിനെ തുടർന്ന് അധികൃതര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
കൊല്ലം കടപ്പാക്കടയില്‍ താമസിക്കുന്ന റിട്ട. അധ്യാപിക മേരിക്കുട്ടിയെ (71) ആണ് സ്വന്തം വീടിനുള്ളിൽ അവശനിലയില്‍ കണ്ടെത്തിയത്. കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ള ഇവരെ അമിത ഡോസ് മരുന്നു നല്കി അവശയാക്കിയെന്നും ജീവന് രക്ഷിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം കോര്പറേഷന് ബി.ജെ.പി കൗണ്‍സിലര്‍ ടി.ജി.ഗിരീഷ് കലക്ടര്‍ക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്നാണ് തഹസില്‍ദാറുടെ നേതൃത്വത്തില്‍ സാമൂഹിക നീതി വകുപ്പ് അധികൃതര്‍ ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്. മേരിക്കുട്ടിയുടെ ഏകമകന് ദീപക് ജോണ്‍ ഒന്നര വര്‍ഷം മുന്‍പു ഹൃദയാഘാതം മൂലം മരിച്ചു. കനറാ ബാങ്ക് ജീവനക്കാരനായിരുന്ന മകന്റെ മരണത്തെത്തുടര്‍ന്നു മേരിക്കുട്ടി തനിച്ചായിരുന്നു താമസം.
ദീപക്കുമായി സൗഹൃദമുണ്ടായിരുന്ന ഗിരീഷിനെ 4 മാസം മുന്‍പു വരെ മേരിക്കുട്ടി ഫോണില്‍ വിളിക്കുകയും ഇടയ്ക്കിടെ കാണുകയും ചെയ്യുമായിരുന്നു. ഇതിനിടെ, ദീപക്കിന്റെ പേരിലുണ്ടായിരുന്ന വാഹനങ്ങളും വീട്ടിലെ ഓട്ടുപാത്രങ്ങളും ചിലര്‍ കുറഞ്ഞ വിലയ്ക്കു കടത്തിക്കൊണ്ടു പോയി. മരങ്ങളും മുറിച്ചു കടത്തി. ജീവനു ഭീഷണിയുള്ളതായി മേരിക്കുട്ടി പറഞ്ഞതിനെത്തുടര്‍ന്നു ഗിരീഷ് പരാതി നല്‍കിയതോടെ പൊലീസ് വീട്ടിലെത്തി വിവരങ്ങള്‍ തേടി.
നാലു മാസമായി മേരിക്കുട്ടിയുടെ ഫോണ്‍ വിളി ഇല്ലാഞ്ഞതിനെത്തുടര്‍ന്നു പല തവണ ഗിരീഷ് വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്നു വീട്ടില്‍ എത്തിയപ്പോഴാണ് തീരെ അവശനിലയില്‍ ഇവരെ ഇവരെ കണ്ടത്. ഇവരുമായി ബന്ധമില്ലാത്ത ചിലര്‍ വീട്ടുവളപ്പില്‍ താമസിക്കുന്നതും കണ്ടു. തുടര്‍ന്നാണ് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു വീണ്ടും പരാതി നല്‍കിയത്.
മേരിക്കുട്ടിയുടെ ബാങ്ക് നിക്ഷേപവും സ്വര്‍ണാഭരണവും ആസ്തികളും വ്യാജമായി കൈമാറ്റം ചെയ്തിട്ടുള്ളതായി സംശയിക്കുന്നതായും പരാതിയിലുണ്ട്.



