തൃശൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം ഉന്നതതല സംഘം അന്വേഷിക്കും
തൃശൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആശുപത്രിയിൽ ചികിത്സ തേടുന്നതിൽ കാലതാമസം നേരിട്ടത് എന്തുകൊണ്ടാണെന്നതുൾപ്പടെയുള്ള പ്രശ്നങ്ങൾ ഉന്നതതല സംഘം പരിശോധിക്കും. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ യുവാവിന്‍റെ സാമ്പിൾ വീണ്ടും പരിശോധിക്കും. പകർച്ചവ്യാധിയാണെങ്കിലും മങ്കി പോക്സിന് വലിയ വ്യാപനശേഷിയില്ലെന്നും പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമാണെന്നും വീണാ ജോർജ് പറഞ്ഞു.
മങ്കിപോക്സ് ബാധ മൂലം പൊതുവേ മരണസാധ്യതയില്ലെന്നും മങ്കിപോക്സിന്‍റെ ലക്ഷണങ്ങളില്ലാതിരുന്ന യുവാവ് കടുത്ത ക്ഷീണവും മസ്തിഷ്കജ്വരവും കാരണമാണ് തൃശൂരിൽ ചികിത്സ തേടിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദേശ രാജ്യത്ത് നടത്തിയ മങ്കിപോക്സ് പരിശോധനയിൽ പോസിറ്റീവ് ഇയാൾ ആയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് ബന്ധുക്കൾ ഇന്നലെ തൃശൂരിലെ ആശുപത്രി അധികൃതർക്ക് സമർപ്പിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു. യുവാവിന് മറ്റ് ചില സംശയങ്ങൾ ഉണ്ടായിരുന്നതായും സംശയിക്കുന്നു. മറ്റിടങ്ങളിൽ രോഗബാധിതരുമായി ഇടപഴകിയ ആളുകൾക്ക് രോഗം വന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. മങ്കിപോക്സ് സ്ഥിരീകരിച്ച മറ്റ് രാജ്യങ്ങളിലും രോഗത്തെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.