പൊന്‍കുന്നത്തു തെരുവുനായ വിളയാട്ടം; സന്യാസിനി അടക്കം പതിമൂന്ന് പേര്‍ക്ക് കടിയേറ്റു; കടിച്ചത് പേപ്പട്ടിയാവാമെന്ന് സംശയം
സ്വന്തം ലേഖിക
പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്ത്, വാഴൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലായി
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്ക്.
പൊന്‍കുന്നം ടൗണില്‍ നിരവധി പേരെ കടിച്ച നായ്ക്കള്‍ തന്നെയാണ് വാഴൂര്‍ പഞ്ചായത്തിലെ 19ാം മൈല്‍, ചെങ്കല്‍ ഭാഗങ്ങളിലുമെത്തി ആളുകളെ കടിച്ചത്. കടിയേറ്റവരെല്ലാം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ആന്റീ റാബീസ് വാക്സിന് സ്വീകരിച്ചു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തി പ്രഥമശുശ്രൂഷ നേടിയതിനു ശേഷമാണ് കൂടുതല്‍ പേരും മെഡിക്കല്‍ കോളജിലെത്തിയത്. നായ്ക്കള്‍ നിരവധി പേരെ കടിച്ചതിനാല്‍ പേപ്പട്ടിയാവാമെന്ന സംശയത്തെത്തുടര്‍ന്നാണ് ഇവരെ മെഡിക്കല്‍ കോളജിലേക്ക് അയച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊന്‍കുന്നം വാളിപ്ലാക്കല്‍ അനൂജ (32), ചിറക്കടവ് കരിമുണ്ടയില്‍ അനില (41), എരുത്വാപ്പുഴ അമ്പാട്ടുപറമ്പില്‍ ജോസഫ് (42), നരിയനാനി അഴീക്കല്‍ ബാബു (54), പൊന്‍കുന്നം ആര്യന്‍കലത്ത് രാജന് (81), തച്ചപ്പുഴ പുളിന്താനത്ത് ലീലാമ്മ ജോര്‍ജ് (62), പൊന്‍കുന്നം ചിറ്റാട്ട് ഗോപകുമാര്‍ (55), പീരുമേട് പാട്ടുമല രഞ്ജിത് (31), തമ്പലക്കാട് സ്വദേശി രവീന്ദ്രന് (63), വാഴൂര്‍ 19ാം മൈല്‍ കടപ്പൂര് സന്‍ജു ആന്റണിയുടെ വീട്ടിലെ ഇതരസംസ്ഥാന തൊഴിലാളി ജാര്‍ഖണ്ഡ് സ്വദേശി അരവിന്ദ് (21), 19ാം മൈല്‍ മുണ്ടയ്ക്കല്‍ എം.കെ. ചാക്കോ (75), 19ാം മൈല്‍ കളരിക്കല്‍ ബെന്നി ജോസഫ് (48), വാഴൂര്‍ ഈസ്റ്റ് ആശാകിരണിലെ സിസ്റ്റര്‍ എല്‍സ് (49) എന്നിവര്‍ക്കാണ് കടിയേറ്റത്.
ആന്റീ റാബീസ് വാക്സിന് നല്കിയ ശേഷം എല്ലാവരെയും മടക്കി അയച്ചു. ജാര്‍ഖണ്ഡ് സ്വദേശി അരവിന്ദിന് മെഡിക്കല്‍ കോളജില്‍ നിന്നുള്ള സിറം അലര്ജിയായതിനെത്തുടര്ന്ന് പുറത്തുനിന്ന് 15,000 രൂപയോളം വിലയുള്ള മരുന്നുവാങ്ങി കുത്തിവയ്പെടുത്തു.