കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ അലട്ടുന്നുണ്ടോ…? ഫലപ്രദമായ യോഗാസനങ്ങൾ ഇതാ..

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ അലട്ടുന്നവരെ പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതാകണം ഇത്തവണത്തെ യോഗാദിനാചരണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്.

കോവിഡിനുശേഷം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കിതാ ഫലപ്രദമായ ഏതാനും യോഗാസനങ്ങള്‍ ഇതാ. യോഗ ജീവിതത്തിന്റെ ഭാഗമാക്കുമ്പോള്‍ മനസ്സും ശരീരവും അതിനായി പാകപ്പെടുത്തേണ്ടതുണ്ട്. അത് ഒരുദിവസംകൊണ്ട് ഒരിക്കലും സാധിക്കുന്നതല്ല. സാവധാനം ശരീരവും മനസ്സും അതിന്റെ താളത്തിലേക്ക് മാറ്റിയെടുക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്വാസകോശത്തെ കാക്കാം

കോവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. കോവിഡ് വന്നവര്‍ക്ക് ശ്വാസംമുട്ടും ശ്വാസസംബന്ധമായ മറ്റ് പ്രയാസങ്ങളുമുണ്ടാകുന്നത് ഗൗരവത്തോടെ കാണണമെന്ന് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കുന്നു. മരുന്നിനൊപ്പം ശ്വാസകോശം ബലപ്പെടുത്താനുള്ള പ്രാണായാമങ്ങളും ആസനങ്ങളും ആരോഗ്യജീവിതത്തിലേക്ക് വഴിയൊരുക്കുമെന്നും പറയുന്നു. ശ്വാസകോശത്തിന്റെ ശേഷി 100 ശതമാനത്തിലെത്തിയാല്‍ രോഗപ്രതിരോധം അനായാസമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. അതിനായിതാ ഏതാനും ആസനങ്ങള്‍.

നാഡീശോധന പ്രാണായാമം

നട്ടെല്ല് നിവര്‍ത്തി പദ്‌മാസനത്തിലോ അര്‍ധപദ്‌മാസനത്തിലോ ഇരിക്കാം. ഇടതുകൈ ചിന്മുദ്രയില്‍ ഇടതുകാല്‍മുട്ടിനുമേല്‍ വിശ്രമിക്കുന്നു. വലതുകൈയുടെ പെരുവിരല്‍കൊണ്ട് വലത്തെ നാസിക അടയ്ക്കുന്നു. ഇടത് നാസികയിലൂടെ ദീര്‍ഘമായി ശ്വാസം അകത്തേക്ക്. ഏതാനും സെക്കന്‍ഡ്‌ ശ്വാസം പിടിച്ചുവെച്ച്‌ വലത് നാസിക തുറന്ന് ദീര്‍ഘമായി പുറത്തേക്ക് വിടുന്നു. മോതിരവിരല്‍കൊണ്ട് ഇടത് നാസിക അടച്ച്‌ വലത് നാസികയിലൂടെ ഇത് ആവര്‍ത്തിക്കണം (ഒന്‍പത് തവണ).

മത്സ്യാസനം

പദ്‌മാസനത്തിലിരുന്ന് മലര്‍ന്നുകിടക്കുന്നു. ശ്വാസമെടുത്ത് നെഞ്ചുയര്‍ത്തി തലയുടെ മുകള്‍ഭാഗം തറയില്‍ തൊടുവിക്കുന്നു. കൈമുട്ടുകളില്‍ ബലംകൊടുത്ത് നെഞ്ച് അല്പംകൂടി ഉയര്‍ത്തുന്നു. 15 മുതല്‍ 25 സെക്കന്‍ഡ്‌ വരെ ഈ നിലയില്‍ തുടര്‍ന്ന് പൂര്‍വസ്ഥിതിയിലേക്ക്‌ വരാം.

ഗുണം: ശ്വാസകോശവും ഹൃദയപേശികളും ബലപ്പെടുന്നു. പ്രാണസഞ്ചാരം ത്വരപ്പെട്ട് ഊര്‍ജസ്വലരാകുന്നു.

അര്‍ധമത്സ്യേന്ദ്രാസനം

കാലുകള്‍നീട്ടി ഇരിക്കുന്നു. ഇടതുകാല്‍ വലത് തുടയുടെ അടിയിലൂടെ മടക്കി പാദം അരക്കെട്ട് ഭാഗത്ത് ചേര്‍ത്തുവെക്കുന്നു. വലതുകാല്‍ ഇടത്തേ തുടയുടെ ഇടതുഭാഗത്ത് കുത്തിവെക്കുന്നു. ഇടതുകൈ ഉയര്‍ത്തി വലത് കാല്‍മുട്ടിനെച്ചുറ്റി വലത് കാല്‍പ്പാദത്തില്‍ പിടിക്കുന്നു. വലതുകൈ പിറകില്‍ കുത്തിവെക്കുന്നു. നോട്ടം വലതുതോളിലൂടെ പിന്നിലേക്ക്. 15 മുതല്‍ 25 സെക്കന്‍ഡ്‌ വരെ ഈ നിലയില്‍ തുടരാം. വലതുകാല്‍പ്പാദം ഇടതുഭാഗത്ത് ചേര്‍ത്തുവെച്ചും ഇത് ആവര്‍ത്തിക്കുന്നു.

ഗുണം: നട്ടെല്ലിന് വ്യായാമവും തന്തുക്കള്‍ക്ക് വലിവും. ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ആശ്വാസം. നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നു.

ഭുജംഗാസനം

കാല്‍പ്പാദങ്ങള്‍ ചേര്‍ത്ത് താടി തറയില്‍ തൊടുവിച്ച്‌ കമിഴ്ന്ന്കിടക്കുന്നു. കൈപ്പത്തി തോളിന്റെ ഇരുവശങ്ങളില്‍ കമിഴ്ത്തിവെക്കുന്നു. ശ്വാസമെടുത്ത് തല, നെഞ്ച് നാഭീഭാഗംവരെ ഉയര്‍ത്തുന്നു. ആ നിലയില്‍ 15-25 സെക്കന്‍ഡ്‌ നേരം വിശ്രമിച്ച്‌ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുന്നു.

ഗുണം: ശ്വാസകോശത്തിന്റെ ശേഷി കൂടുന്നു. നട്ടെല്ലിന് അയവും നാഡികള്‍ക്ക് ഉത്തേജനവും.

ഉദ്ഥിതപദ്‌മാസനം

പദ്‌മാസനത്തില്‍ ഇരിക്കുന്നു. കൈപ്പത്തികള്‍ ഇരുവശത്തും നിലത്ത് കുത്തി ശരീരം ഉയര്‍ത്തുന്നു. ആ നിലയില്‍ സാധാരണശ്വാസത്തില്‍ 10-15സെക്കന്‍ഡ്‌ വിശ്രമം.

ഗുണം: ഉദരപേശികളെയും ശ്വാസകോശത്തെയും ബലപ്പെടുത്തുന്നു. നട്ടെല്ലിനെ ശക്തിപ്പെടുത്തി നാഡീവ്യൂഹത്തെ ഉദ്ദീപിപ്പിക്കുന്നു.

യോഗ ജീവിതശൈലിയാക്കിയാല്‍

• ശരീരവും ശ്വാസവും ബലപ്പെടുന്നു.

• മനസ്സ് ആനന്ദഭരിതമാകുന്നു.

• ബുദ്ധി തെളിഞ്ഞതും മൂര്‍ച്ചയേറിയതുമാകുന്നു.

• അഹംബോധത്തെ വിട്ട് മനസ്സ് ശിശുസഹജമായ നിഷ്കളങ്കതയിലെത്തുന്നു. പ്രപഞ്ചത്തിലും ഈ നിഷ്കളങ്ക ഭാവമുണ്ട്. പ്രപഞ്ചത്തിന്റെയും വ്യക്തിയുടെയും മനസ്സുകളുടെ ലയനമാണ് യോഗ എന്ന് സ്വാമി വിവേകാനന്ദന്‍. പ്രപഞ്ചത്തിനും ജീവജാലങ്ങള്‍ക്കുമിടയിലുള്ള താളബന്ധം തിരിച്ചറിയാന്‍ വഴിയൊരുക്കുന്നതാണ് യോഗയെന്ന് ആചാര്യന്‍മാര്‍.

സൂര്യനമസ്‌കാരം

കൈകള്‍ തൊഴുത് നമസ്കാരമുദ്രയില്‍
കൈകളുയര്‍ത്തി പിന്നിലേക്ക് വളയുന്നു
മുന്നിലേക്ക് കുനിഞ്ഞ് നിലത്ത് തൊടുന്നു
വലതുകാല്‍ പിന്നിലേക്ക്
ഇടതുകാല്‍ പിന്നിലേക്ക്
സാഷ്ടാംഗപ്രണാമം.
കൈകളില്‍ ഉയരുന്നു
ഇടുപ്പ് പിന്നിലേക്കുയര്‍ത്തുന്നു
വലതുകാല്‍ മുന്നിലേക്ക്
ഇടതുകാല്‍ മുന്നിലേക്ക്
കൈകള്‍ ഉയര്‍ത്തുന്നു
ഇരുവശങ്ങളിലേക്കും താഴ്ത്തുന്നു