
എരുമേലി ഹൈടെക് ആണ്; പക്ഷേ വയോധികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം കണ്ടെത്താൻ ഇരുട്ടില്‍തപ്പി പൊലീസ്
സ്വന്തം ലേഖിക
എരുമേലി: നിര്‍ധനനായ വയോധികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം ഏതെന്ന് കണ്ടെത്താന്‍ മാസങ്ങളായിട്ടും കഴിയാതെ പൊലീസ്.
ഹൈടെക് ക്യാമറാ നിരീക്ഷണം നിലവിലുണ്ടെന്നിരിക്കെയാണ് ഈ സ്ഥിതി. അപകടത്തില്‍ ഗുരുതര പരിക്കേറ്റ വയോധികന്റെ പരാതിയിലാണ് അന്വേഷണം നിലച്ചത്. ഇക്കഴിഞ്ഞ ശബരിമല സീസണിലാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ജനുവരി രണ്ടിന് രാവിലെ പത്തരയോടെ കനകപ്പലം കാവുങ്കല്‍ മോനി (74) യെ കനകപ്പലം ഭാഗത്ത് വച്ച് വാഹനം ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയി. തലയില്‍ ഉള്‍പ്പെടെ പരിക്കേറ്റ മോനിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ മോനി പരിക്കുകള്‍ ഭേദമായ ശേഷം എരുമേലി പൊലീസ് സ്റ്റേഷനില്‍ എത്തി അന്വേഷിച്ചപ്പോള്‍ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിയെന്നും എന്നാല്‍ ഇടിച്ചിട്ട വാഹനം ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അറിയിച്ചു. ഇപ്പോള്‍ ആറ് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതേ മറുപടിയാണ് പൊലീസ് നല്‍കുന്നതെന്ന് മോനി പറയുന്നു.
അപകടം നടന്ന സ്ഥലം പൊലീസിന്റെ ക്യാമറാ വലയത്തില്‍ അല്ലാത്തതിനാല്‍ വാഹനം ഏതെന്ന് അറിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. അതേസമയം അപകടത്തില്‍പ്പെട്ട സ്ഥലത്തിന് അടുത്തും ഈ റൂട്ടിലും സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വീടുകളിലും മറ്റുമുള്ള ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അപകട സമയത്ത് കടന്നുപോയ വാഹനങ്ങള്‍ സംബന്ധിച്ച് വിവരം ലഭിക്കില്ലേയെന്ന് മോനി ചോദിക്കുന്നു. അപകട സ്ഥലത്ത് ആ സമയം ഉണ്ടായിരുന്ന നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ തേടാവുന്നതാണെന്നും മോനി പറയുന്നു.
നിര്‍ധനനായ മോനിക്ക് ലോട്ടറി വില്‍പ്പനയാണ് ഉപജീവനമാര്‍ഗം. അപകടത്തിന് ശേഷം അവശതകള്‍ മൂലം ജോലി ചെയ്യാന്‍ പ്രയാസം നേരിടുന്നു. മരുന്ന് വാങ്ങാനും തുടര്‍ ചികിത്സയ്ക്കും ബുദ്ധിമുട്ടുകയാണ്. അപകടം സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തിയാല്‍ തനിക്ക് നീതി ലഭ്യമാകുമെന്ന് മോനി പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.