വെറും 1000 രൂപയ്ക്ക് തൃശൂരില്‍ നിന്നും ഊട്ടിക്ക് പോയി വരാം; കെ സ്വിഫ്റ്റിന്റെ പുതിയ പാക്കേജ് ഇങ്ങനെ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ചെന്നൈയിലേക്കും, ഊട്ടിയിലേക്കും പുതിയ സര്‍വ്വീസുമായി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ്.

മെയ് 18 നാണ് കെഎസ്‌ആര്‍ടിസി തിരുവനന്തപുരത്തു നിന്നും ഊട്ടിയിലേക്കും ചെന്നൈയിലേക്കും കെ -സ്വിഫ്റ്റ് ഡീലക്സ് എയര്‍ ബസ് സര്‍വീസ് ആരംഭിച്ചത്. വൈകീട്ട് 6 .30 നു തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ബസ് അര്‍ദ്ധരാത്രി 12.45 നു തൃശ്ശൂരില്‍ എത്തിച്ചേരും. അവിടെനിന്നും ഷൊര്‍ണുര്‍, പട്ടാമ്പി, പെരിന്തല്‍മണ്ണ, വഴിക്കടവ്, നിലംബൂര്‍, നാടുകാണിച്ചുരം, ഗൂഡല്ലൂര്‍ വഴി രാവിലെ 5.30 നു ഊട്ടിയില്‍ എത്തിച്ചേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 8.00 മണിക്കും മറ്റൊരു ബസ് ഇതേ റൂട്ടിലൂടെ സര്‍വീസ് നടത്തുന്നുണ്ട്. ഒരേ ദിവസം 2 ബസ്സുകള്‍ തിരുവനന്തപുരത്തു നിന്നും ഊട്ടിയിലേക്ക് പുറപ്പെടുന്നു. വളരെ കുറഞ്ഞ ചെലവില്‍ നടത്തുന്ന സര്‍വീസിന് ഗംഭീര സ്വീകരണമാണ് യാത്രക്കാരില്‍ നിന്നും ഉണ്ടായത്.

ഏകദേശം 130 -140 ഡിഗ്രിയില്‍ പുറകിലേക്ക് വരുത്താവുന്ന പുഷ്ബാക്ക് സീറ്റ്, മുൻ പിലത്തെ സീറ്റിന്റെ പുറകിലായി ബോട്ടില്‍ ഹോള്‍ഡര്‍ & മാഗസിന്‍ ഹോള്‍ഡര്‍, ഓരോ സീറ്റിനരികിലും മൊബൈല്‍ഫോണ്‍ യു എസ് ബി ചാര്‍ജര്‍, കാല്‍ വെക്കുവാനായി പ്രത്യേക സംവിധാനം, തലയ്ക്കു മുകളില്‍ വലിയ ബാഗുകളോ പെട്ടികളോ വെക്കാവുന്ന റാക്ക്, നിരക്കി നീക്കാവുന്ന വിന്‍ഡോ ഗ്ലാസ്സുകള്‍, വളരെ മികച്ച ലൈറ്റുകള്‍ തുടങ്ങി സാധാരണക്കാരന് കുറഞ്ഞ ചിലവില്‍ ഒരു ഗംഭീര യാത്ര തന്നെയാണ് കെഎസ്‌ആര്‍ടിസി നല്‍കുന്നത്.

ആകെ 42 സീറ്റുകളാണ് ഉള്ളത്. എയര്‍ ബസ് ആയതു കൊണ്ട് യാത്ര വളരെ സൗകര്യപ്രദം ആണ്. ദൂരയാത്രകളില്‍ കെ എസ് ആർ ടി സി നടപ്പിലാക്കിയ പുതിയ പരിഷ്‌കാരം ആണ് – കണ്ടക്ടര്‍ കം ഡ്രൈവര്‍. അതായത് രണ്ടുപേരും വാഹനം ഓടിക്കും. അതുകൊണ്ടു ഡ്രൈവര്‍ ഒറ്റയ്ക്ക് വാഹനം ഓടിച്ചു തളരുകയില്ല. നമുക്കും അത് സുരക്ഷിതത്വം നല്‍കുന്നു.

തിരുവനന്തപുരം – ഊട്ടി (MC റോഡ്)

തിരുവനന്തപുരത്ത് നിന്നും വൈകുന്നേരം 6.30 തിന് തിരിച്ച്‌ കൊട്ടരക്കര, കോട്ടയം, പെരുമ്പാവൂര്‍, തൃശൂര്‍, പെരുന്തല്‍മണ്ണ നിലമ്പൂര്‍ ഗൂഢല്ലൂര്‍ വഴി രാവിലെ 5.30 തിന് ഊട്ടിയില്‍ എത്തിച്ചേരുകയും, തിരികെ രാത്രി 7 മണിക്ക് സര്‍വ്വീസ് ആരംഭിച്ച്‌ ഇതേ റൂട്ടിലൂടെ പിറ്റേന്ന് പുലര്‍ച്ചെ 6.05 തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വ്വീസ്. ടിക്കറ്റ് നിരക്ക്: 691രൂപ

തിരുവനന്തപുരം – ഊട്ടി (NH)

തിരുവനന്തപുരത്ത് നിന്നും രാത്രി 8 മണിക്ക് സര്‍വ്വീസ് ആരംഭിച്ച്‌ ആലപ്പുഴ, എറണാകുളം,തൃശൂര്‍, പെരുന്തല്‍മണ്ണ നിലമ്പൂര്‍ ഗൂഢല്ലൂര്‍ വഴി രാവിലെ 7.20 തിന് ഊട്ടിയില്‍ എത്തുന്ന രണ്ടാമത്തെ സര്‍വ്വീസ് , തിരികെ ഊട്ടിയില്‍ നിന്നും രാത്രി 8 മണിക്ക് സര്‍വ്വീസ് തുടങ്ങി ആലപ്പുഴ വഴി 7.20 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ടിക്കറ്റ് നിരക്ക്: 711 രൂപ

എറണാകുളം -ചെന്നെ AC സീറ്റര്‍

എറണാകുളത്ത് നിന്നുമാണ് ചെന്നൈയിലേക്ക് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് എ.സി ബസ് സര്‍വ്വീസ് നടത്തുന്നത് . എറണാകുളം കെ എസ് ആർ ടി സി ബസ്സ്റ്റാന്റില്‍ നിന്നും രാത്രി 7.45 ന് തിരിച്ച്‌ 8 മണിക്ക് വൈറ്റില ഹബില്‍ നിന്നും തൃശ്ശൂര്‍, പാലക്കാട് , കോയമ്പത്തൂര്‍, സേലം വഴി രാവിലെ 8.40 തിന് ചെന്നൈ എത്തുന്ന വിധമാണ് കെഎസ്‌ആര്‍ടിസി – സ്വിഫ്റ്റ് എസി സീറ്റര്‍ സര്‍വ്വീസ് നടത്തുക. ചെന്നൈയില്‍ നിന്നും തിരിച്ച്‌ രാത്രി 8 മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് പിറ്റേന്ന് രാവിലെ 8.40 തിന് എറണാകുളത്തും എത്തിച്ചേരും. ടിക്കറ്റ് നിരക്ക്- 1351 രൂപ

ടിക്കറ്റുകള്‍ www.online.keralartc.com എന്ന വെബ് സൈറ്റിലും “Ente KSRTC” എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.