ഫുട്ബോള്‍ കമന്‍റേറ്ററായ യൂത്ത് ലീഗ് നേതാവ് വാഹനമിടിച്ച്‌ മരിച്ചു; അപകടം നമസ്ക്കാരത്തിനായി പള്ളിയിലേക്ക് പോകാനായി  റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ

ഫുട്ബോള്‍ കമന്‍റേറ്ററായ യൂത്ത് ലീഗ് നേതാവ് വാഹനമിടിച്ച്‌ മരിച്ചു; അപകടം നമസ്ക്കാരത്തിനായി പള്ളിയിലേക്ക് പോകാനായി റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ

സ്വന്തം ലേഖകൻ

മലപ്പുറം: ഫുട്ബോള്‍ കമന്‍റേറ്ററായ യുവാവ് മത്സരത്തിനിടെ നമസ്ക്കാരത്തിനായി പള്ളിയിലേക്ക് പോകുമ്പോള്‍ വാഹനമിടിച്ച്‌ മരിച്ചു.

കീഴുപറമ്പ് മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും അനൗണ്‍സറുമായ നിസാര്‍ കുറുമാടന്‍ (42) ആണ് മരിച്ചത്. മത്സരം നടക്കുന്നതിന്‍റെ എതിര്‍വശത്തുള്ള പള്ളിയിലേക്ക് റോഡ് മുറിച്ച്‌ കടക്കുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ കാര്‍ നിസാറിനെ ഇടിച്ചുതെറിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂവത്തികണ്ടിയില്‍ ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അരീക്കോട്ടെ പ്രാദേശിക ഫുട്ബോളുമായി ബന്ധപ്പെട്ട് അനൗണ്‍സ്മെന്റിനിടെ നമസ്കാരത്തിനായി പൂവത്തികണ്ടി പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുമ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്.

റോഡ് മുറിച്ചുകടക്കുന്നതിനിടെ നിസാറിനെ കാറിടിക്കുകയും പിന്നില്‍ വന്ന മറ്റൊരു പിക്കപ്പ് വാന്‍ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. ഉടനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

പരേതനായ കുറുമാടന്‍ മുഹമ്മദാണ് നിസാറിന്‍റെ പിതാവ്. ഫാത്തിമ മാതാവും ഷംല ചേലക്കോട് ഭാര്യയുമാണ്. മുഹമ്മദ് നിഹാല്‍, മുഹമ്മദ് നിഹാദ്, ഫാത്തിമ മിന്‍ഹ എന്നിവര്‍ മക്കളാണ്. അബ്ദുല്‍ അലി, റസീന, ആബിദ എന്നിവരാണ് നിസാറിന്‍റെ സഹോദരങ്ങള്‍.

മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.