മുട്ടില്‍ മരം മുറി കേസില്‍ ആരോപണവിധേയനായ എന്‍ ടി സാജന് സ്ഥാനക്കയറ്റം നല്‍കിയ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ; അന്വേഷണം പൂര്‍ത്തിയാകാനിരിക്കെ വിനോദ് കുമാറിനെ സ്ഥലം മാറ്റിയത് ചട്ടം ലംഘിച്ച്; കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: മുട്ടില്‍ മരം മുറി കേസില്‍ ആരോപണവിധേയനായ ഡെപ്യൂട്ടി കണ്‍സര്‍വേറ്റ‍ര്‍ എന്‍ ടി സാജന് സ്ഥാനക്കയറ്റം നല്‍കിയ ഉത്തരവിന് സ്റ്റേ.

ചീഫ് കണ്‍സര്‍വേറ്ററുടെ അധികാരം നല്‍കിയ സര്‍ക്കാര്‍ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്. മുട്ടില്‍ കേസ് പ്രതികള്‍ക്കായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് വനംവകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയ എന്‍.ടി രാജന് സ്ഥാനക്കയറ്റം നല്‍കിയ നടപടിയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്ററായിരുന്ന സഞ്ജയന്‍ കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. വിഷയത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിന്റെ മറുപടി തേടിയിട്ടുണ്ട്. വ്യാഴാഴ്ച്ച വീണ്ടും കേസ് പരിഗണിക്കും.

നേരത്തെ സാജനെ അപ്രധാന തസ്തികയിലേക്ക് സ്ഥലം മാറ്റാനായിരുന്നു തീരുമാനമെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. സാജനെതിരെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ വിനോദ് കുമാറിന് അപ്രധാനമായ സോഷ്യല്‍ ഫോറസ്ട്രിയുടെ ചുമതല നല്‍കിയിരുന്നു. മുട്ടില്‍ മരം മുറി കണ്ടെത്തി അന്വേഷണ റിപ്പോ‍ര്‍ട്ട് സമര്‍പ്പിച്ച വിനോദ് കുമാര്‍ പ്രതികള്‍ക്കെതിരെ കര്‍ശന നിലപാടാണ് സ്വീകരിച്ചിരുന്നത്.

കേസന്വേഷണം പൂര്‍ത്തിയാകാനിരിക്കെ വിനോദ് കുമാറിനെ സ്ഥലം മാറ്റിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്. സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ എന്ന താരതമ്യേന അപ്രധാന തസ്തികയാണെന്ന് വിമര്‍ശനം ഉയരുന്ന തസ്തികയിലേക്കാണ് വിനോദ് കുമാറിനെ സ്ഥലംമാറ്റിയത്.

അതേസമയം ആരോപണ വിധേയനായ എന്‍.ടി.സാജനെ ദക്ഷിണ മേഖല വനം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാക്കാനുള്ള (സിസിഎഫ്) തീരുമാനത്തെ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ന്യായീകരിച്ചു. പ്രമോഷന്‍ തീരുമാനിക്കുന്നത് വനം മന്ത്രിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രമോഷനും സ്ഥലം മാറ്റവും ഭരണപരമായ കാര്യമാണ്. ഇത് സാധാരണ നടപടിയാണ്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമാണ് പ്രതിയാണോ എന്ന് തീരുമാനിക്കുക. അതിനു ശേഷമായിരിക്കും നടപടി. കേസില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

അതിനിടെ സ്ഥലം മാറ്റം നടത്തിയത് വനം വകുപ്പ് ആസ്ഥാനത്തു നിന്ന് ശുപാര്‍ശയില്ലാതെയും സിവില്‍ സര്‍വീസസ് ബോര്‍ഡിന്റെ അനുമതിയില്ലാതെയുമാണെന്ന് സൂചനയുണ്ട്. സ്ഥലം മാറ്റത്തില്‍ പ്രതിഷേധവുമായി വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറിയെ കണ്ടു. സ്ഥലംമാറ്റ ഉത്തരവിനെതിരെ സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സ്ഥലം മാറ്റപ്പെട്ട ഐഎഫ്‌എസ് ഉദ്യോഗസ്ഥരില്‍ ചിലര്‍.

ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, സിസിഎഫുമാരുടെ ചുമതല കൂടി വഹിക്കുന്ന ഉത്തരമേഖലാ ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഡി.കെ.വിനോദ് കുമാര്‍, കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജന്‍, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി എന്നിവരെയാണ് പരസ്പരം സ്ഥലം മാറ്റി ഉത്തരവിറക്കിയത്.

സഞ്ജയന്‍ കുമാറിനെ വര്‍ക്കിങ് പ്ലാനിലേക്കും വിനോദ് കുമാറിനെ കൊല്ലം സോഷ്യല്‍ ഫോറസ്ട്രിയിലേക്കും എന്‍.ടി.സാജനെ ദക്ഷിണമേഖലാ സിസിഎഫിന്റെ ചുമതല നല്‍കിയും ആര്‍.കീര്‍ത്തിയെ ഉത്തരമേഖലയിലേക്കുമാണ് മാറ്റിയത്. ഇവര്‍ നിലവിലെ തസ്തികകളില്‍ എത്തിയിട്ട് രണ്ട് വര്‍ഷത്തില്‍ താഴെയേ ആയിട്ടുള്ളു.

രണ്ട് വര്‍ഷം തികയുന്നതിന് മുന്‍പ് ഐഎഫ്‌എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെങ്കില്‍ സിവില്‍ സര്‍വീസസ് ബോര്‍ഡ് യോഗം ചേര്‍ന്ന്, ഉദ്യോഗസ്ഥരുടെ ഭാഗം കൂടി കേള്‍ക്കണം. സിഎസ്ബിയുടെ ശുപാര്‍ശ സര്‍ക്കാരിന് തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം. എന്നാല്‍ ഇത്തരം നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് നാല് പേരുടെയും സ്ഥലം മാറ്റമെന്നാണ് പരാതി.