![പഴയ കുടിശിക അടച്ചില്ലെങ്കില്‍ രാത്രി വൈദ്യുതി വിച്ഛേദിക്കുമെന്ന് വ്യാജ സന്ദേശം; കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് നഷ്ടമായത് 10,000 രൂപ പഴയ കുടിശിക അടച്ചില്ലെങ്കില്‍ രാത്രി വൈദ്യുതി വിച്ഛേദിക്കുമെന്ന് വ്യാജ സന്ദേശം; കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് നഷ്ടമായത് 10,000 രൂപ](https://i0.wp.com/thirdeyenewslive.com/storage/2022/01/IMG-20220114-WA0030.jpg?fit=1000%2C560&ssl=1)
പഴയ കുടിശിക അടച്ചില്ലെങ്കില്‍ രാത്രി വൈദ്യുതി വിച്ഛേദിക്കുമെന്ന് വ്യാജ സന്ദേശം; കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് നഷ്ടമായത് 10,000 രൂപ
സ്വന്തം ലേഖിക
കോട്ടയം: വൈദ്യുതി കുടിശിക അടയ്ക്കാനുണ്ടെന്നും രാത്രി വൈദ്യുതി വിച്ഛേദിക്കുമെന്നും കാണിച്ച് ലഭിച്ച സന്ദേശത്തിന് പിന്നാലെ വനിത ഡോക്ടര്‍ക്ക് നഷ്ടമായത് 10,000 രൂപ.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്കാണ് പണം നഷ്ടമായത്. പഴയ വൈദ്യുതി ബില്‍ അടയ്ക്കാനുണ്ടെന്നും, രാത്രി 9.30ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നുമാണ് ഇവര്‍ക്ക് ലഭിച്ച സന്ദേശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടന്‍ തന്നെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെടണമെന്നും ഇവര്‍ക്ക് ലഭിച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇതിനായി ഒരു ഫോണ്‍ നമ്പറും സന്ദേശത്തോടൊപ്പം നല്‍കിയിരുന്നു.
വൈദ്യുതി വകുപ്പില്‍ നിന്ന് ലഭിച്ച ഔദ്യോഗിക സന്ദേശമാണെന്ന് തെറ്റിദ്ധരിച്ച് ഡോക്ടര്‍ ഫോണില്‍ ലഭിച്ച മൊബൈല്‍ നമ്പറില്‍ വിളിച്ച് വൈദ്യുതി ബില്‍ കൃത്യമായി അടച്ചതാണെന്ന് അറിയിച്ചു. എന്നാല്‍ ഫോണെടുത്ത ആള് പരിശോധനയ്ക്കെന്ന വ്യാജേന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി.
മിനിട്ടുകള്‍ക്കുള്ളില്‍ ഡോക്ടറുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 10,000 രൂപ നഷ്ടപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് ബോധ്യമായത്.
കെ.എസ്.ഇ.ബി അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ലഭിച്ചത് വ്യാജ സന്ദേശമാണെന്ന് ബോധ്യമായത്. ഉടന്‍ തന്നെ ബാങ്കില്‍ അറിയിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്യിക്കുകയായിരുന്നു.
നേരത്തേയും സമാനമായ രീതിയിലുള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിക്കുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഗുണഭോക്താക്കള്‍ ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വഞ്ചിക്കപ്പെടരുതെന്നും സന്ദേശം ലഭിച്ചാല്‍ സത്യാവസ്ഥ അറിയാന്‍ കെ.എസ്.ഇ.ബി ഓഫീസുമായി ബന്ധപ്പെടണമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കി.