
സ്വന്തം ലേഖകൻ
കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് നടപടി കർശനമാക്കുകയാണ്. കഴിഞ്ഞദിവസങ്ങളിലായി വിജിലൻസ് നടത്തിയ പരിശോധനയിൽ രണ്ടു ഉദ്യോഗസ്ഥരിൽ നിന്ന് ലക്ഷ കണക്കിന് രൂപയാണ് കണ്ടെത്തിയത്.
കൈക്കൂലി വീരനായ കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ എൻവയൺമെന്റ് എൻജിനീയർ എ. എം. ഹാരിസിനെ കുടുക്കിയത് ഒരു ലക്ഷം രൂപയിലേറെ ശമ്പളം വാങ്ങുന്ന ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭം തുടങ്ങാനെത്തിയ യുവാവിനോട് കൈക്കൂലി ആവശ്യപ്പെട്ടതോടെ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ പ്രവിത്താനം സ്വദേശി ജോബിൻ സെബാസ്റ്റ്യൻ ഐടി കമ്പനിയിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ചാണ് പാലാ -മൂവാറ്റുപുഴ റോഡ് അരികിൽ ടയർ റീട്രെഡിങ് വ്യവസായം ആരംഭിച്ചത്. എന്നാൽ, അയൽവാസിയുടെ പരാതിയും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുടെ ആർത്തിയും ചേർന്ന് തന്റെ സ്വപ്ന പദ്ധതി പൂട്ടുമെന്നായതോടെയാണ് യുവാവ് വിജിലൻസിനെ സമീപിച്ചത്. ലൈസൻസ് പുതുക്കുന്നതിന് 25,000 രൂപ ജില്ലാ ഓഫിസർ ആവശ്യപ്പെടുന്ന വിഡിയോ ദൃശ്യം ഉൾപ്പെടെ ജോബിൻ വിജിലൻസിന് നൽകിയിരുന്നു.
തുടർന്ന് ഹാരിസിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തി. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 17 ലക്ഷത്തോളം രൂപ കണ്ടെത്തി. അടുക്കളയിൽ കുക്കറിലും അരിക്കലത്തിലും കിച്ചൻ ക്യാബിനറ്റിലുമായി 50,000ത്തിന്റെ കെട്ടുകളാക്കി വൃത്തിയായി സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്.
വിജിലൻസിൽ വിവരം നൽകിയതിനുശേഷം ടയർ റീട്രേഡിങ് സ്ഥാപന ഉടമ ജോബിൻ സെബാസ്റ്റ്യൻ പണം കൈമാറുകയായിരുന്നു. ഇയാളിൽ നിന്ന് നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതിന് 25,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.
ഇതേ ആവശ്യത്തിന് കൈക്കൂലി ചോദിച്ച മുൻ ജില്ലാ ഓഫീസർ ജോസ് മോൻ കേസിലെ രണ്ടാം പ്രതിയാണ്. തുടർന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് സീനിയർ എൻവിറോൺമെന്റ് എഞ്ചിനീയർ ജെ. ജോസ്മോന്റെ വീട്ടിലേക്കും വിജിലൻസ് അന്വേഷണം വ്യാപിപ്പിച്ചത്.
റെയ്ഡിൽ ഒന്നര ലക്ഷത്തിലധികം രൂപയും ഒന്നര ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസികളും പിടിച്ചെടുത്തു. ജോസ്മോന് ബാങ്കിൽ ഒരു കോടി നാൽപത്തിനാല് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം, ജോസ് മോന്റെ പേരിൽ വാഗമണിൽ റിസോർട്ടും കൊട്ടാരക്കര എഴുകോണിൽ 3500 ചതുരശ്രയടിയിൽ ആഡംബര വീടും, 17 സെന്റ് ഭൂമിയും കടമുറികളും രണ്ട് ഫ്ലാറ്റുകളും ഇയാളുടെ പേരിലുള്ളതായും കണ്ടെത്തി.
1.56 ലക്ഷം രൂപയുടെ നോട്ടുകളും 239 അമേരിക്കൻ ഡോളർ, 835 കനേഡിയൻ ഡോളർ, 1725 യുഎഇ ദിർഹം, ഒരു ഖത്തർ റിയാൽ എന്നിവയും റെയ്ഡിൽ പിടിച്ചെടുത്തു. ഇൻഷുറൻസ് പോളിസികൾ മ്യൂച്ചൽ ഫണ്ട് എന്നിവയിലായി 15 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും വിജിലൻസ് സംഘം പറഞ്ഞു.
വിജിലൻസ് എസ്പി വി ജി വിനോദ് കുമാറിൻറെ നിർദ്ദേശപ്രകാരം ഡിവൈഎസ്പിമാരായ കെ എ വിദ്യാധരൻ, എ കെ വിശ്വനാഥൻ, സി ഐ മാരായ റെജി കുന്നിപറമ്പൻ, നിസാം, യതീന്ദ്രൻ കുമാർ, എസ്ഐമാരായ അനിൽകുമാർ, പ്രസന്നൻ,എ എസ് ഐ സ്റ്റാലിൻ തോമസ്, ഗ്രേഡ് എ എസ് ഐ മാരായ സാബു, ഗോപകുമാർ, അനിൽ, സിപിഒ മാരായ സന്ദീപ്, സൂരജ്, ഷൈജു, അരുൺ ചന്ദ്, വനിതാ സിപിഒ രഞ്ജിനി എന്നിവരാണ് ഹാരിസിനെ പിടികൂടിയത്.