സ്വന്തം ലേഖകൻ
കണ്ണൂർ: ഏഴു മാസം ഗർഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. ചക്കരക്കൽ പൊലീസാണ് ഷൈജേഷിനെ പിടികൂടിയത്.ഇന്നലെ വൈകുന്നേരം നാലുമണിക്കാണ് ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പനയത്താം പറമ്ബിൽ തറമ്മൽ വീട്ടിൽ രമ്യയ്ക്ക് (31) കുത്തേറ്റത്.
ഭർത്താവ് മദ്യപിച്ചെത്തി ആക്രമിക്കുകയായിയിരുന്നു. ഏഴുമാസം ഗർഭിണിയായ രമ്യ ഇന്നലെയാണ് ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകിട്ട് മദ്യപിച്ച് വന്ന ഷൈജേഷ് ഭാര്യയുമായി വാക്ക് തർക്കത്തിലേർപെട്ടു. പിന്നാലെ അരയിൽ ഒളിപ്പിച്ച കത്തിയെടുത്ത് കഴുത്തിൽ കുത്തിയിറക്കി. ബന്ധുക്കൾ ഉടൻതന്നെ രമ്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കലാകാരിയായ രമ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഒരുവർഷം മുൻപാണ് വിവാഹം നടന്നത്.
ഇവർ തമ്മിൽ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. ബെംഗളൂരുവിൽ ബേക്കറി ജോലിക്കാരനായ ഷൈജേഷ് ഇന്നലെയാണ് നാട്ടിലെത്തിയത്.
ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ രമ്യ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.