
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എക്സിക്യൂട്ടീവ് വേഷത്തിൽ കറങ്ങി നടക്കുകയും വീടുകളിൽ കയറി മോഷണം നടത്തുകയും ചെയ്തുവന്ന രണ്ടുപേരെ വലിയമല പോലീസ് അറസ്റ്റു ചെയ്തു.
ഇവർ മോഷ്ടിക്കുന്ന വസ്തുക്കൾ വിൽക്കുന്നതിന് സഹായിച്ചിരുന്ന റിട്ട. കെഎസ്ആർടിസി ഉദ്യോഗസ്ഥനും പിടിയിലായി. കാട്ടാക്കട സ്വദേശി ഷിബിൻ ജോസ് (27), കല്ലറ താളികുഴി സ്വദേശി അഖിൽ (31), പിരപ്പൻകോട് സ്വദേശി ബാലകൃഷ്ണൻ നായർ (81) എന്നിവരെയാണ് വലിയമല സിഐ സജിമോനും സംഘവും അറസ്റ്റു ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നെടുമങ്ങാട് പ്രവർത്തിക്കുന്ന പ്രമുഖ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിലെ ചീഫ് എക്സിക്യൂട്ടീവും അസിസ്റ്റന്റ് എക്സിക്യൂട്ടീവുമാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് ഇവർ കറങ്ങി നടന്നിരുന്നത്. എക്സിക്യൂട്ടീവ് വസ്ത്രധാരണത്തിൽ പകൽസമയം കറങ്ങിനടന്ന് മോഷ്ടിക്കേണ്ട സ്ഥലങ്ങളും സാധനങ്ങളും നോക്കിവെക്കും. ഇതിനുശേഷം രാത്രിയിൽ മോഷണം നടത്തുകയാണ് പ്രതികളുടെ രീതി.
കഴിഞ്ഞ ആഴ്ച വലിയമല മന്നൂർകോണത്ത് വീടുകളിൽ നിന്നു ഗ്യാസ്കുറ്റികൾ മോഷണം പോയിരുന്നു. വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സ്കൂട്ടറിൽ രണ്ട് പേർ വന്ന് ഗ്യാസ് കുറ്റികൾ കടത്തുന്നത് കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അഖിലിനും ഷിബിൻ ജോസിനുമെതിരെ 10 കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇവർ മോഷ്ടിക്കുന്ന ഗ്യാസ് കുറ്റികൾ പിരപ്പൻകോട്ടെ ഗ്യാസ് റിപ്പയറിങ് ഷോപ്പ് നടത്തുന്ന ബാലകൃഷ്ണൻ നായരാണ് വാങ്ങിയിരുന്നത്. ഒരു കുറ്റിക്ക് 1300 രൂപയ്ക്കാണ് ഇയാൾക്ക് വിറ്റിരുന്നത്.
ബാലകൃഷ്ണൻ നായർ ഇവ 2500 രൂപയ്ക്ക് അത്യാവശ്യക്കാർക്ക് മറിച്ചുവിറ്റിരുന്നു. ഇവരെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.