ചാക്കിട്ട് പിടിക്കാൻ ബിജെപി: മൂന്നു കോൺഗ്രസ് എംഎൽഎമാരെ കാണാനില്ല; കോടികൾ കിലുങ്ങുന്ന കർണ്ണാടക
സ്വന്തം ലേഖകൻ
ബംഗളൂരു: തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം തികയ്ക്കാനാകാതെ വന്നതോടെ കോടികൾ കിലുങ്ങുന്ന പണ സഞ്ചിയുമായി ബിജെപി കോൺഗ്രസ് – ജെഡിഎസ് എംഎൽഎമാരെ ചാക്കിലാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഒരു എംഎൽഎയ്ക്ക് ഒന്നു മുതൽ അഞ്ചു കോടി രൂപവരെയാണ് ബിജെപി ഇപ്പോൾ വില പറഞ്ഞിരിക്കുന്നതെന്നാണ് സൂചന ലഭിക്കുന്നത്.
2008 ഇതേ ഓപ്പറേഷൻ താമരയിലൂടെയാണ് ബിജെപി സർക്കാർ കർണ്ണാടകത്തിൽ അധികാരത്തിൽ എത്തിയത്. മറ്റുകക്ഷികളുടെ എം.എൽ.എ.മാരെയും താഴെത്തട്ടിലുള്ള നേതാക്കളെയും അധികാരവും പണവും വാഗ്ദാനംചെയ്ത് ബി.ജെ.പി.യിൽ എത്തിക്കുന്നതാണ് ഓപ്പറേഷൻ താമരയുടെ രീതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബി.ജെ.പി. മുഖ്യമന്ത്രിസ്ഥാനാർഥിയായ ബി.എസ്. യെദ്യൂരപ്പതന്നെയായിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രതിപക്ഷ പാർട്ടികളുടെ താഴെത്തട്ടിലുള്ള ശൃംഖലതന്നെ തകർക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. എം.എൽ.എ.മാർ രാജിവെച്ച് വീണ്ടും ജനവിധി തേടുമെന്നതിനാൽ കൂറുമാറ്റനിരോധനം ഇതിൽ തടസ്സമാകുകയുമില്ല.
2008-ൽ പ്രതിപക്ഷത്തെ ഏഴ് എം.എൽ.എ.മാരെയാണ് ഇത്തരത്തിൽ ബി.ജെ.പി. പാർട്ടിയിലെത്തിച്ചത്. ഇതിൽ അഞ്ചുപേർക്ക് ഉപതിരഞ്ഞെടുപ്പിൽ സീറ്റും നൽകി. അങ്ങനെയാണ് 224 അംഗസഭയിൽ ബി.ജെ.പി. 115 സീറ്റുമായി ഭൂരിപക്ഷം ഉറപ്പാക്കിയത്.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ അറിയിച്ച് കര്‍ണാടക പ്രജ്ഞാവന്താ ജനതാപാര്‍ട്ടി എം.എല്‍.എ ആര്‍.ശങ്കര്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാവുമായ യെദ്യൂരപ്പയെ വീട്ടിലെത്തി കണ്ടു.
കര്‍ണാടക പ്രജ്ഞാവന്താ ജനതാപാര്‍ട്ടിയുടെ ബാനറില്‍ റാണിബെന്നൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച ആര്‍ ശങ്കര്‍ 63910 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 112 സീറ്റിന്റെ കേവല ഭൂരിപക്ഷം വേണമെങ്കിലും 104 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. ആര്‍.ശങ്കറിന്റെ പിന്തുണ കൂടി ലഭിക്കുകയാണെങ്കില്‍ ഇനി ഏഴ് പേരുടെ കൂടെ പിന്തുണ ലഭിച്ചാല്‍ മതിയാവും.