ശരീരത്തിന്റെ വിവിധ പ്രധാന പ്രവർത്തനങ്ങള്‍ സുഗമമായി നടക്കുന്നതിന് ആവശ്യമായ ഒരു പ്രധാന ധാതുവാണ് സിങ്ക്. ശരീരത്തിന് സിങ്ക് സ്വയം ഉല്‍പ്പാദിപ്പിക്കാനോ സംഭരിച്ചുവെക്കാനോ കഴിയാത്തതിനാല്‍, ഭക്ഷണത്തിലൂടെ ഇത് ദിവസേന ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സിങ്ക് അടങ്ങിയ ചില പ്രധാന ഭക്ഷണങ്ങള്‍ ഇവയാണ്:
നട്സുകള്‍ : നിലക്കടല, കശുവണ്ടി, ബദാം തുടങ്ങിയ നട്സുകള്‍ സിങ്കിന്റെ മികച്ച ഉറവിടങ്ങളാണ്. ഇതില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, നാരുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. വിവിധ തരം നട്സുകളില്‍ വെച്ച് കശുവണ്ടിയിലാണ് ഏറ്റവും കൂടുതല്‍ സിങ്ക് അടങ്ങിയിട്ടുള്ളത്.
ക്ഷീരോല്പ്പന്നങ്ങള്: പാല്, ചീസ്, തൈര് എന്നിവ സിങ്ക് ധാരാളമായി അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങളാണ്. ക്ഷീരോല്പ്പന്നങ്ങളില് ശരീരത്തിന് എളുപ്പത്തില്‍ ആഗിരണം ചെയ്യാൻ കഴിയുന്ന രൂപത്തിലാണ് സിങ്ക് അടങ്ങിയിരിക്കുന്നത് എന്നത് ഇവയുടെ പ്രത്യേകതയാണ്.
മുട്ട: സിങ്കിന്റെയും പ്രോട്ടീനുകളുടെയും മികച്ച ഉറവിടമാണ് മുട്ട. കൂടാതെ വിറ്റാമിനുകള്‍, ധാതുക്കള്‍, സെലിനിയം, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. ദിവസവും മുട്ട കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ദൈനംദിന സിങ്കിന്റെ അളവ് ലഭിക്കാൻ സഹായിക്കും.
ഡാർക്ക് ചോക്ലേറ്റ് : ഡാർക്ക് ചോക്ലേറ്റില്‍ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്സിഡന്റുകള്‍, ഇരുമ്പ്, മഗ്നീഷ്യം എന്നിവയുടെയും നല്ലൊരു ഉറവിടമാണിത്. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കും.
പയർവർഗ്ഗങ്ങള്‍: കടല, പരിപ്പ്, വിവിധ തരം ബീൻസ് തുടങ്ങിയ പയർവർഗ്ഗങ്ങളില്‍ പ്രോട്ടീനും സിങ്കും ധാരാളമായി അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ പല വിഭവങ്ങളും ഇവ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കും.
ഓട്സ് : സിങ്കിന്റെ മികച്ച ഉറവിടമായ ഓട്സില്‍ മറ്റ് നിരവധി പോഷകഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിലെ ഉയർന്ന അളവിലുള്ള നാരുകള്‍ വയർ നിറഞ്ഞതായി ദീർഘനേരം തോന്നിക്കാൻ സഹായിക്കും. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഓട്സ് ഗുണപ്രദമാണ്.






