രക്തക്കുഴലുകളെയും ഹൃദയപേശികളെയും സംരക്ഷിക്കുന്ന ലളിതമായ ദൈനംദിന ജീവിതശൈലീ ശീലങ്ങള്‍ പിന്തുടരുന്നതിലൂടെ ഹൃദയാരോഗ്യം നിലനിർത്താനും മെച്ചപ്പെടുത്താനും സാധിക്കും.
ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
രക്തക്കുഴലുകളെയും ഹൃദയപേശികളെയും സംരക്ഷിക്കുന്ന ലളിതമായ ദൈനംദിന ജീവിതശൈലീ ശീലങ്ങള്‍ പിന്തുടരുന്നതിലൂടെ ഹൃദയാരോഗ്യം നിലനിർത്താനും മെച്ചപ്പെടുത്താനും സാധിക്കും.. ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ (മുഴുവൻ ധാന്യങ്ങള്‍), പയറുവർഗ്ഗങ്ങള്‍, പരിപ്പ്, നട്സ്, വിത്തുകള്‍, മത്സ്യം അല്ലെങ്കില്കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ എന്നിവ ഉള്‍പ്പെടുത്തണം. നാരുകളും (fiber) അവശ്യ പോഷകങ്ങളും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായ ഉപ്പ്, അധികമായി ചേർക്കുന്ന പഞ്ചസാര, ആരോഗ്യത്തിന് ഹാനികരമായ കൊഴുപ്പ് എന്നിവ ഒഴിവാക്കുക. പച്ചക്കറികള്‍, പരിപ്പ്, പയറുവർഗ്ഗങ്ങള്‍, മുഴുവൻ ധാന്യങ്ങള്‍ കൊണ്ടുള്ള റൊട്ടി അല്ലെങ്കില്‍ ബ്രൗണ്‍ റൈസ്, പഴങ്ങള്‍, നട്സ് എന്നിവ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഭക്ഷണക്രമം ഹൃദയാരോഗ്യത്തിന് മികച്ചതാണ്.
ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയുള്ള വ്യായാമമെങ്കിലും അല്ലെങ്കില്‍ 75 മിനിറ്റ് കഠിനമായ വ്യായാമം (ഉദാഹരണത്തിന് ഓട്ടം) ചെയ്യുക. ശാരീരികക്ഷമത മെച്ചപ്പെടുത്തുന്നതിനായി ആഴ്ചയില്‍ രണ്ടുതവണയെങ്കിലും പേശികള്‍ക്ക് ബലം നല്കുന്ന വ്യായാമങ്ങള്‍ (strength training) കൂടി ഉള്‍പ്പെടുത്തുക. നടത്തം, സൈക്ലിംഗ്, നീന്തല്‍, നൃത്തം, പടികള്‍ കയറുക തുടങ്ങിയവ ശീലമാക്കുക. ദിവസവും കുറച്ചുനേരം വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
പുകവലി ഹൃദയത്തെയും രക്തക്കുഴലുകളെയും ദോഷകരമായി ബാധിക്കുന്നു. ഇത് ശരീരത്തിലേക്കുള്ള ഓക്സിജൻ്റെ പ്രവാഹം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മറ്റൊരാള്‍ വലിക്കുന്ന പുക ശ്വസിക്കുന്നതും (second-hand smoke) അപകടകരമാണ്. പുകവലി ഉപേക്ഷിക്കുന്നത് ഹൃദയാരോഗ്യത്തിനായി ചെയ്യാവുന്ന മികച്ച കാര്യങ്ങളിലൊന്നാണ്.
ശരീരഭാരം കൂടുന്നത് ഹൃദയത്തിന് സമ്മർദ്ദമുണ്ടാക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോള്‍, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത ഇത് വർദ്ധിപ്പിക്കുന്നു; ഇവയെല്ലാം ഹൃദയത്തിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്താൻ കാരണമായേക്കാം. ഭക്ഷണം കഴിക്കുമ്പോള്‍ അളവ് ശ്രദ്ധിക്കുകയും പോഷകസമൃദ്ധമായവ തിരഞ്ഞെടുക്കുകയും ചെയ്യുക. അല്പം ഭാരം കുറയ്ക്കുന്നത് പോലും ഹൃദയാരോഗ്യം ഗണ്യമായി മെച്ചപ്പെടുത്താൻ സഹായിക്കും.
ഉയർന്ന രക്തസമ്മർദ്ദത്തിന് പലപ്പോഴും ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. ഇത് ക്രമേണ ഹൃദയത്തെയും രക്തധമനികളെയും ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ടാണ് ഇതൊരു ഭീഷണിയായി കണക്കാക്കപ്പെടുന്നത്. ഉയർന്ന രക്തസമ്മർദ്ദം, അമിതഭാരം, പ്രമേഹം എന്നിവയുടെ കുടുംബചരിത്രമുള്ളവർ പ്രത്യേകിച്ച്, കൃത്യമായ ഇടവേളകളില്‍ രക്തസമ്മർദ്ദം പരിശോധിക്കേണ്ടതുണ്ട്. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക, ശാരീരികമായി സജീവമായിരിക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, ആവശ്യമായ ഘട്ടങ്ങളില്‍ നിർദ്ദേശിക്കപ്പെട്ട മരുന്നുകള്‍ കഴിക്കുക എന്നിവ രക്തസമ്മർദ്ദം നിയന്ത്രണവിധേയമായി നിലനിർത്താൻ സഹായിക്കും.
ശരീരത്തിന് കൊളസ്ട്രോള്‍ ആവശ്യമാണെങ്കിലും LDL കൊളസ്ട്രോളിന്റെ അളവ് അധികമായാല്‍ അത് ധമനികളില്‍ 'പ്ലാക്ക്' (plaque) അടിയുന്നതിന് കാരണമായേക്കാം. ഇത് രക്തക്കുഴലുകളുടെ വ്യാസം കുറയ്ക്കുകയും ഹൃദയാഘാതം അല്ലെങ്കില്‍ പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൃത്യമായ പരിശോധനകളിലൂടെ കൊളസ്ട്രോളിന്റെ അളവ് മനസ്സിലാക്കാം. ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍, വ്യായാമം, ശരീരഭാരം നിയന്ത്രിക്കല്‍ എന്നിവയിലൂടെ കൊളസ്ട്രോള്‍ കുറയ്ക്കാൻ സാധിക്കും. ഹൃദ്രോഗ സാധ്യത കണക്കിലെടുത്ത് ചിലർക്ക് മരുന്നുകളും ആവശ്യമായി വന്നേക്കാം.
കാലക്രമേണ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്താനും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കാനും ഇടയാക്കും. പ്രമേഹമോ പ്രീ-ഡയബറ്റിസോ ഉള്ളവർ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നിയന്ത്രിക്കേണ്ടതുണ്ട്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, ശാരീരികമായി സജീവമായിരിക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, വൈദ്യോപദേശം പാലിക്കുക എന്നിവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നതും ഡോക്ടറുടെ നിർദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവർത്തിക്കുന്നതും അത്യന്താപേക്ഷിതമാണ്.






