ലഖ്നൗ : സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവിന്റെ ഡിസംബറിലെ അയോധ്യ രാമക്ഷേത്ര സന്ദര്‍ശനത്തില്‍ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയെയും ഭഗവാന് ശ്രീരാമനെയും തുടര്‍ച്ചയായി അവഗണിച്ചവരും കര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ത്തവരും ക്ഷേത്രനഗരത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ആദ്യം മാപ്പുപറയണമെന്നാണ് യോഗിയുടെ പരാമര്‍ശം.
അയോധ്യയിലെ ദീപാവലി ആഘോഷമായ 'ദീപോത്സവി'ല്‍ സംസാരിക്കവെയാണ് അഖിലേഷിനെ അടക്കം ലക്ഷ്യമിട്ടുകൊണ്ട് യോഗി വിമര്‍ശനമുന്നയിച്ചത്. 'അയോധ്യയെ രക്തരൂക്ഷിതമാക്കിയവര് ഇന്ന് അയോധ്യ സന്ദര്‍ശിക്കാനെത്തുകയാണ്. അവര്‍ രാമഭക്തരോടും സന്യാസിമാരോടും തങ്ങളുടെ പ്രവൃത്തികളില്‍ ആദ്യം മാപ്പുപറയണം. ഭഗവാന് ശ്രീരാമന് സര്‍വചരാചരങ്ങളെയും സംരക്ഷിക്കുന്നവനാണ്, അദ്ദേഹം എല്ലാവരോടും ക്ഷമിക്കും. അയോധ്യ ഇന്ന് ത്രേതായുഗത്തിന്റെ ഓര്‍മകള്‍ക്ക് ജീവന് നല്‍കുകയാണ്. ഒരുകാലത്ത് ശ്രീരാമന്റെ പേര് വിളിച്ചതിന് ആളുകള്‍ ലാത്തിച്ചാര്‍ജിനും വെടിവെപ്പിനും ഇരയായ, അവഗണിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന അതേ നഗരം ഇന്ന് പുരാതന പ്രതാപം വീണ്ടെടുത്ത് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിക്കുകയാണ്, ' യോഗി ആദിത്യനാഥ് പറഞ്ഞു.
1990ലെ സംഭവം ഉയര്‍ത്തിക്കാട്ടിയാണ് യോഗി ആദിത്യനാഥ് അഖിലേഷിനെതിരെ വിമര്‍ശനമുന്നയിച്ചത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന പ്രക്ഷോഭം ശക്തമായിരിക്കെ, പള്ളിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച കര്‍സേവകര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. അന്ന് അഖിലേഷ് യാദവിന്റഎ പിതാവായ മുലായം സിങ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിയായിരുന്നു ഉത്തര്‍പ്രദേശ് ഭരിച്ചിരുന്നത്. അഖിലേഷ് യാദവിന്റെ പിതാവാണ് മുലായം സിങ് യാദവ്.
അന്നത്തെ വെടിവെപ്പില്‍ 15 പേരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 50ലധികം പേര് കൊല്ലപ്പെട്ടെന്നാണ് ബിജെപി, വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), മറ്റ് ഹിന്ദുത്വ സംഘടനകള്‍ എന്നിവര്‍ അവകാശപ്പെടുന്നത്. ഡിസംബര്‍ 12ന് കനൗജില്‍ നിന്നുള്ള ലോക്സഭാംഗം അഖിലേഷ് യാദവും ഭാര്യയും മെയിന്‍പുരി എം പിയുമായ ഡിംപിള്‍ യാദവും രാമക്ഷേത്രത്തിലും ഹനുമാന്ഗഢിലും ദര്‍ശനം നടത്തുമെന്ന് എസ്പി നേതാവ് പവന് പാണ്ഡെ നേരത്തെ അറിയിച്ചിരുന്നു. 2027 ഫെബ്രുവരിയോടെ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അയോധ്യ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പാണ്ഡെയെ വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.






