പാലക്കാട്: ഔദ്യോഗിക ജോലിയുടെ ഭാഗമായി അബദ്ധത്തില്‍ ഫോണ്‍ നമ്പര്‍ മാറി വിളിച്ചതിന് ആരോഗ്യ വകുപ്പിലെ വനിതാ ജീവനക്കാരിക്ക് നേരെ ക്രൂരമായ സൈബര്‍ ആക്രമണം.
പാലക്കാട് മുണ്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ (പി.എച്ച്.സി.) ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രമ്യാ ആറിനാണ് സാമൂഹികവിരുദ്ധരില്‍ നിന്ന് നിരന്തരമായ മാനസിക പീഡനവും ഉപദ്രവവും നേരിടേണ്ടി വരുന്നത്. ഉദ്യോഗസ്ഥയുടെ ഫോണ്‍ നമ്പര്‍ വിവിധ അശ്ലീല വാട്സ്ആപ്പ് ഗ്രൂപ്പുകളിലടക്കം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ദിനംപ്രതി ഇരുനൂറിലധികം അപരിചിത കോളുകളാണ് ഇവരുടെ ഫോണിലേക്ക് എത്തുക്കൊണ്ടിരിക്കുന്നത്.
പ്രദേശത്ത് വ്യാപകമായി പടര്‍ന്നുപിടിക്കുന്ന ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാനും ആവശ്യമായ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്കാനുമായി ഫോണ്‍ വിളിക്കുന്നതിനിടെയാണ് രമ്യയ്ക്ക് നമ്പര്‍ തെറ്റിയത്. വയനാട് സ്വദേശിയായ വിവേക് എന്നയാളുടെ ഫോണിലേക്കാണ് അബദ്ധത്തില്‍ കോള്‍ പോയത്. നമ്പര്‍ മാറി വിളിച്ചതാണെന്നും താന്‍ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥയാണെന്നും വ്യക്തമായി വിശദീകരിച്ചിട്ടും ഫോണ്‍ എടുത്ത വിവേക് രമ്യയോട് അസഭ്യം പറയുകയും രൂക്ഷമായി ഭീഷണിപ്പെടുത്തുകയുമായിരുന്നു.
താന്‍ ഔദ്യോഗിക ആവശ്യത്തിനാണ് വിളിച്ചതെന്ന് വ്യക്തമാക്കാന്‍ ശ്രമിച്ചെങ്കിലും കേട്ടാലറയ്ക്കുന്ന ഭാഷയിലായിരുന്നു അയാളുടെ പ്രതികരണം. അബദ്ധം മനസ്സിലായി ഉദ്യോഗസ്ഥ ഫോണ്‍ കട്ട് ചെയ്തെങ്കിലും വിവേക് ആശ്വാസം കണ്ടില്ല.
വാശിതീര്‍ക്കാന്‍ രമ്യയുടെ വാട്സ്ആപ്പ് നമ്പര്‍ വിവിധ അശ്ലീല ഗ്രൂപ്പുകളിലേക്കും ഓള് കേരള, ഓള് ഇന്ത്യ ലെവലിലുള്ള മറ്റ് പൊതു വാട്സ്ആപ്പ് കൂട്ടായ്മകളിലേക്കും ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അപരിചിതരില്‍ നിന്ന് നിരന്തരം കോളുകളും സന്ദേശങ്ങളും എത്തിത്തുടങ്ങിയത്.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എത്തുന്ന കോളുകള്‍ കാരണം ഫോണ്‍ ഉപയോഗിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ജീവനക്കാരി. തുടര്‍ച്ചയായ സൈബര്‍ ആക്രമണവും ഭീഷണിയും സഹിക്കവയ്യാതായതോടെ രമ്യ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്കി. വ്യക്തിത്വത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെയും ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്ത വിവേകിനെതിരെയും കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ വയനാട് സ്വദേശിയായ വിവേകിനെ കണ്ടെത്താനും സന്ദേശങ്ങള്‍ പ്രചരിപ്പിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷിക്കാനുമുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം പോലും തടസ്സപ്പെട്ട അവസ്ഥയിലാണ് ഈ ജീവനക്കാരി.






