കൊല്ലം: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍.
പത്തനാപുരം സ്വദേശിനി സായ ഷാജഹാനെ കഴിഞ്ഞ മാസം 31നാണ് ഇരവിപുരത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും സായ മാനസിക പീഡനം നേരിട്ടിരുന്നതായി കുടുംബം ആരോപിക്കുന്നു. മാതാപിതാക്കള്‍ ആഭ്യന്തര മന്ത്രിക്കും, വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്ന് സായ മാനസിക പീഡനം നേരിട്ടിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം. 2023 ജനുവരി 15-നാണ് ഇരവിപുരം സ്വദേശിയും സായയും തമ്മിലുള്ള വിവാഹം നടന്നത്. ഭര്‍തൃവീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ മാതാപിതാക്കളെ അറിയിക്കരുതെന്നും കുടുംബം വിലക്കിയിരുന്നു.വിവാഹ സമ്മാനമായി നല്കിയ കാറിന്റെ തവണകള്‍ അടക്കുന്നതിലും തര്‍ക്കം നിലനിന്നിരുന്നു എന്നും യുവതിയുടെ കുടുംബം.
സായയുടെ മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലും കുടുംബം സംശയം പ്രകടിപ്പിച്ചു. ഭര്‍ത്താവിനെതിരെ അസ്വഭാവികമായ ഒന്നും കുറിപ്പില്‍ ഇല്ലെന്നാണ് പൊലീസ് വാദം. കേസ് ആത്മഹത്യയായി തള്ളികളയാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കുടുംബം. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആവശ്യം.






