നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപില്‍ ഇന്ത്യക്ക് വെള്ളി. 2.25 മീറ്റർ ഉയരം താണ്ടിയാണ് ഇന്ത്യയുടെ സർവേശ് കുശാരെ വെള്ളി മെഡല്‍ സ്വന്തമാക്കിയത്.
ഇതേ ഉയരം മറികടന്ന ചൈനീസ് തായ്പേയ് താരം ഫു ചോ ഹസ്വാനാണ് സ്വർണം നേടിയത്. ദക്ഷിണ കൊറിയയുടെ വു സംഗ്യോക്ക് വെങ്കലം നേടി.
ഏഷ്യൻ ഗെയിംസ് ഡെക്കാത്ലണിലും വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിള്‍ചേസിലും ഇന്ത്യ വെങ്കലം നേടി. തേജസ്വിൻ ശങ്കറാണ് ഡെക്കാത്ലണില് ഇന്ത്യക്കായി വെങ്കലം നേടിയത്. 7,934 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തുകയായിരുന്നു താരം. ജപ്പാന്റെ യുമ മരുയമ സ്വർണവും ചൈനയുടെ ചെൻ സിനുവ വെള്ളിയും നേടി.
വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിള്‍ചേസില്‍ 9:08.67 സമയത്തില്‍ ഫിനിഷ് ചെയ്താണ് പരുള്‍ ചൗധരി വെങ്കലം സ്വന്തമാക്കിയത്. ബഹ്റൈന്റെ വിൻഫ്രെഡ് യവി സ്വർണവും കസാഖിസ്ഥാന്റെ നോറ ജെറുതോ തനുയി വെള്ളിയും നേടി.
ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 37 ആയി. 4 സ്വർണം, 16 വെള്ളി, 17 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍നേട്ടം.






