വയനാട്: വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി.
ആറ് ദിവസമായി നടത്തിവരുന്ന തിരച്ചിലിനൊടുവിലാണ് ഹിമാചല്‍ സ്വദേശിയായ വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്. മീനാക്ഷി പാലത്തിന് സമീപം പുഴയുടെ വലതുവശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
അഗ്നിശമന സേനയും എൻഡിആർഎഫ് സംഘവും ചേർന്ന് മൃതദേഹം പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. കാണാതായ അഞ്ചുപേർക്ക് വേണ്ടിയുള്ള തിരച്ചില്‍ ആറ് ദിവസത്തെ കഠിനമായ പരിശ്രമത്തിനൊടുവില്‍ പൂർണമായതായാണ് വിവരം.
തെർമല്‍ ഡിറ്റക്ടറുകള്‍, ഡ്രോണുകള്‍, കെഡാവർ ഡോഗുകള്‍ തുടങ്ങി എല്ലാ അത്യാധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയായിരുന്നു തിരച്ചില്‍.
മൃതദേഹം തുടർനടപടികള്‍ക്കായി ഉടൻ വൈത്തിരി താലൂക്ക് ആശൂപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് തുടർന്ന് നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങള്‍ സർക്കാർ ഒരുക്കും. പ്രദേശത്ത് ഇനി തിരച്ചിലുണ്ടാകില്ല. പകരം ബാക്കിയുള്ള മണ്ണ് നീക്കം ചെയ്യുന്നതിനും അപകടകാരണം പഠിക്കുന്നതിനുമുള്ള നടപടികളിലേക്ക് കടക്കും.






