കല്പറ്റ: പരിസ്ഥിതി സംരക്ഷണ രംഗത്ത് രാജ്യത്തിന് മാതൃകയാകുന്ന ചരിത്രനേട്ടം സ്വന്തമാക്കാനൊരുങ്ങി വയനാട്.
രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാടിനെ നവംബർ 27ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രഖ്യാപിക്കും.
വൈകിട്ട് നാലിന് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനം.
കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ദിഖിൻ്റെ നേതൃത്വത്തിലാണ് വയനാട് സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ല എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്.
വീടുകള്‍, സർക്കാർ ഓഫീസുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഇ-മാലിന്യങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായ സംസ്കരണത്തിന് കൈമാറുന്നതിനായി നടത്തിയ കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്.
മൂന്നുമാസത്തോളം നീണ്ട പ്രയത്നമാണ് ഇപ്പോള്‍ യാഥാർത്ഥ്യത്തിലേക്ക് നീങ്ങിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകർമ്മ സേന, ശുചീകരണ തൊഴിലാളികള്‍, വിവിധ സർക്കാർ വകുപ്പുകള്‍, പൊതുജനങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ സജീവ പങ്കാളിത്തത്തോടെയാണ് പദ്ധതി വിജയത്തിലെത്തിയത്. സംസ്ഥാന സർക്കാർ ഗാന്ധി ജയന്തി ദിനത്തില്‍ പുതുതായി ആരംഭിച്ച 'നിർമ്മലം' മാലിന്യ പദ്ധതിക്ക് കരുത്തുപകരുന്ന നേട്ടം കൂടിയാണ് ഇത്.






