കോട്ടയം: നിയമവും സമയവും പാലിക്കാത്ത വഴിയോര കടകള്‍ക്കും തട്ടുകടകള്ക്കുമെതിരേ ഇന്നു മുതല്‍ നടപടി.
ആദ്യഘട്ടമായി ഓരോ സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും നടപടികള്‍ സ്വീകരിക്കുക.
നഗരസഭയ്ക്കു ലഭിച്ച അപേക്ഷകള്‍ പൂര്‍ണമായി പരിഗണിച്ച് അര്ഹരായതവര്ക്കു തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്കിയ ശേഷം നടപടികള്‍ കര്‍ശനമാക്കും.
രണ്ടാം ഘട്ടത്തില്‍ പോലീസിന്റെ ഉള്‍പ്പെടെ സഹായത്തോടെയായിരിക്കും നടപടികള്‍.
ഉപജീവനത്തിനായി തട്ട് മാത്രം ഇട്ട് വഴിയോരകച്ചവടം നടത്തുന്നവരെ സംരക്ഷിക്കും.
തെരുവോര കച്ചവടക്കാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുകയും പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. 650 അപേക്ഷകളാണു ലഭിച്ചത്. ഇവയില്‍ നിശ്ചിത ശതമാനത്തിനു ലൈസന്‍സ് നല്‍കാനാവില്ലെന്നു കണ്ടെത്തിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന ശേഷമായിരിക്കും അന്തിമ തീരുമാനമെടക്കുക.
നിലവില്‍, അഞ്ചും ആറും വഴിയോരക്കടകള്‍ നടത്തുന്നവര്‍ നഗരത്തിലുണ്ട്. നേരിട്ടു വരാതെ തൊഴിലാളികളെ നിര്‍ത്തി കച്ചവടം നടത്തുന്നവരാണിവര്‍. അന്യ ജില്ലകളില്‍ നിന്നുള്ളവര്‍ പോലും ഇത്തരത്തില്‍ കച്ചവടം നടത്തുന്നുണ്ട്.
വഴിയോരത്തെ ചില ഭാഗങ്ങള്‍ അളന്ന് അതു വാടകയ്ക്കു തട്ടുകടകള്‍ക്കു നല്കി പണമുണ്ടാക്കുന്നവരുമുണ്ട്. നടപടി ആരംഭിച്ചാല്‍ ഉപജീവനമെന്ന പേരില്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നതാണ് ഇവരുടെ പതിവ്.
സമയക്രമം, ശുചിത്വം എന്നിവയുടെ കാര്യത്തിലും നഗരത്തിലെ തട്ടുകടകള്‍ ഭൂരിഭാഗവും പിന്നിലാണ്. രാത്രി എട്ടു മുതലാണു പ്രവര്‍ത്തന സമയമെങ്കിലും പല കടകളും സന്ധ്യ മയങ്ങുമ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും.






