കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാംഘട്ട ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച വീടുകള്‍ നവംബര്‍ 30 ഓടെ താമസ യോഗ്യമാക്കുമെന്ന് റവന്യൂ മന്ത്രി എപി അനില്‍കുമാര്‍ പറഞ്ഞു.
വാടക വീടുകളില്‍ താമസിക്കുന്ന ദുരന്ത ബാധിതരുടെ ഉപജീവനബത്ത ഡിസംബര്‍ വരെ ദീര്‍ഘിപ്പിച്ചതായും മന്ത്രി അറിയിച്ചു.
മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മന്ത്രി. രണ്ടാംഘട്ടത്തില്‍ വിവിധ സോണുകളിലായി 149 ഗുണഭോക്താക്കളാണ് നറുക്കെടുപ്പിലൂടെ വീടുകള്‍ ലഭിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ദുരന്തത്തില്‍ ജാതി-മത-ഭാഷ അതിരുകള്‍ക്ക് പുറത്ത് ഒരു മനസ്സോടെ ദുരന്തബാധിതര്‍ക്കായി സഹായ കൂട്ടായ്മകള്‍ ഉണ്ടായതായി മന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ പ്രയാസങ്ങള്‍ ലഘൂകരിച്ച് പൂര്‍ണ്ണ പുനരധിവാസം ഉറപ്പാക്കുകയാണ് സര്‍ക്കാരെന്നും മന്ത്രി വ്യക്തമാക്കി.
ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ 178 വീടുകളാണ് ഗുണഭോക്താക്കള്‍ക്കായി കൈമാറിയത്. വരും ഘട്ടങ്ങളില്‍ ബാക്കി വരുന്ന വീടുകള്‍ കൂടി അർഹതപ്പെട്ടവര്‍ക്ക് നല്‍കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട് അറിയിക്കുന്ന നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും യാതൊരുവിധ തര്‍ക്കവുമില്ലാതെ സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഫേസ് രണ്ട് എ, ഫേസ് രണ്ട് ബി, അപ്പീല്‍ പട്ടികയില്‍ ഉള്‍പ്പെട്ട ദുരന്ത ബാധിത ഗുണഭോക്താക്കള്‍ക്കാണ് രണ്ടാംഘട്ട നറുക്കെടുപ്പില്‍ വീടുകള്‍ നല്‍കുന്നത്. ഗുണഭോക്താക്കള്‍ക്ക് അവശ്യ രേഖകള്‍ കൈമാറുന്നതതിന് 16 കൗണ്ടറുകളാണ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിരുന്നത്. കെ.എസ്.ഇ.ബി, നഗരസഭ, വാട്ടര്‍ അതോറിറ്റി എന്നിവയുടെ ഏകോപനത്തോടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസം തിരുത്തല്‍, റേഷന്‍ കാര്‍ഡ്, വൈദ്യുതി-കുടിവെള്ള കണക്ഷന് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കൗണ്ടറുകളിലൂടെ ലഭ്യമാക്കി.
149 വീടുകളിലേക്ക് കുടിവെള്ള കണക്ഷന് നല്‍കാനുള്ള നടപടികള്‍ ജല അതോറിറ്റി പൂര്‍ത്തീകരിച്ചിട്ടുണ്ട്. സോണ്‍ ഒന്നില്‍ 23 വീടുകളും സോണ്‍ മൂന്നില്‍ ആറ് വീടുകളും സോണ്‍ നാലില്‍ 14 വീടുകളും സോണ്‍ അഞ്ചില്‍ 106 വീടുകളുമാണ് രണ്ടാം ഘട്ടത്തില്‍ കൈമാറുന്നത്. നവംബറോടെ ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ കൈമാറും. രണ്ടാംഘട്ട വീടുകളുടെ വിതരണം പൂര്‍ത്തിയാകുന്നതോടെ 327 കുടുംബങ്ങള്‍ക്കാണ് ടൗണ്‍ഷിപ്പില്‍ വീട് ലഭിക്കുക.
നറുക്കെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയങ്ങള്‍, പരാതികള്‍ പരിഹരിക്കുന്നതിന് ഓഡിറ്റോറിയത്തില്‍ പ്രത്യേക സഹായ കൗണ്ടര്‍ സജ്ജീകരിച്ചിരുന്നു. നറുക്കെടുപ്പിന് എത്തിയ ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളം, ഭക്ഷണം, മറ്റ് സൗകര്യങ്ങള്‍ മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു.






