കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ മാഞ്ഞുപോയ സീബ്രാലൈനുകൾ പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.
റോഡ് മുറിച്ചുകടക്കാൻ കഴിയാതെ രോഗികളും വയോധികരും ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി ദുരിതത്തിലാകുന്നത്.
ആശുപത്രിയിലേക്ക് ദിവസേന ആയിരക്കണക്കിന് ആളുകളും വാഹനങ്ങളുമാണ് എത്തുന്നത്. എന്നാൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാലൈനുകൾ പൂർണ്ണമായി മാഞ്ഞുപോയത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.
അമിതവേഗതയിലെത്തുന്ന വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയം വെച്ചാണ് രോഗികളും ബന്ധുക്കളും മറു വശത്തേക്ക് കടക്കുന്നത്.
പ്രശ്നത്തിൽ അടിയന്തിരമായി ഇടപെട്ട് സീബ്രാലൈനുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് (MSF) രംഗത്തെത്തി.
അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് സഈദ് മാനത്തുകാടൻ പറഞ്ഞു.
എത്രയും വേഗം റോഡിൽ അപായസൂചകങ്ങളും സീബ്രാലൈനുകളും വരച്ച് കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.






