കൊല്ലം: വ്യാജ വിദേശമദ്യം കഴിച്ച് ആളുകള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ വ്യാജമദ്യ നിർമാണവും വില്‍പ്പനയും കണ്ടെത്തി.
സംഭവത്തില്‍ കല്ലുവാതുക്കല്‍ സ്വദേശി അഭിജിത്ത് (23) എക്സൈസിന്റെ പിടിയിലായി.
'ഡാഡി വില്‍സണ്‍' എന്ന ബ്രാൻഡിന്റെ പേരിലാണ് ഇയാള്‍ വ്യാജ വിദേശമദ്യം നിർമിച്ച് വില്‍പ്പന നടത്തിയിരുന്നതെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍. വ്യാജമദ്യം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് അഭിജിത്തിനെ എക്സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് 25 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തു.
വ്യാജമദ്യം കഴിച്ച ചിലർക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടർന്നാണ് എക്സൈസ് പരിശോധന ശക്തമാക്കിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് വ്യാജമദ്യ നിർമാണത്തിന്റെയും വില്‍പ്പനയുടെയും വിവരങ്ങള്‍ പുറത്തുവന്നത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. വ്യാജമദ്യത്തിന്റെ ഉറവിടം, വില്‍പ്പന നടത്തിയ സ്ഥലങ്ങള്‍, സംഘത്തില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും എക്സൈസ് പരിശോധിച്ചുവരികയാണ്.






