ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ നിർണ്ണായക നീക്കവുമായി നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം.
ചെന്നൈ സത്യമൂർത്തി ഭവനില്‍ ശനിയാഴ്ച ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ മുന്നണി കണ്‍സള്‍ട്ടേറ്റീവ് യോഗത്തില്‍ ടിവികെ പ്രതിനിധികള്‍ ആദ്യമായി പങ്കെടുത്തു.
വോട്ടർ പട്ടികയിലെ വിപുലമായ തിരുത്തലുകളുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷനെതിരെയുള്ള പ്രതിഷേധങ്ങളും പ്രക്ഷോഭ പരിപാടികളും ആസൂത്രണം ചെയ്യാനാണ് യോഗം വിളിച്ചുചേർത്തത്.
പാർട്ടിയുടെ ഇലക്ഷൻ വിഭാഗം ജനറല്‍ സെക്രട്ടറിയും പൊതുമരാമത്ത് മന്ത്രിയുമായ ആധവ് അർജ്ജുന, ധനമന്ത്രി മരിയ വില്‍സണ്‍ എന്നിവരാണ് യോഗത്തില്‍ ടിവികെയെ പ്രതിനിധീകരിച്ചെത്തിയത്.
സെപ്റ്റംബറില്‍ തമിഴ്നാട്ടില്‍ വിജയിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച 'സെക്യുലർ സോഷ്യല്‍ ജസ്റ്റിസ് വിക്ടറി അലയൻസ്' തമിഴ്നാട്ടിലെ ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും, ആ അടിസ്ഥാനത്തിലാണ് യോഗത്തില്‍ പങ്കെടുത്തതെന്നും ടിവികെ ദേശീയ വക്താവ് ഫെലിക്സ് ജെറാള്‍ഡ് വ്യക്തമാക്കി.






