തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകർക്കെതിരായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസുകാരനെതിരെ വധഭീഷണി മുഴക്കി ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎ.
കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഗോകുലിനെതിരെയായിരുന്നു എംഎൽഎയുടെ ഭീഷണി.
‘അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഞാൻ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോ– കന്റോൺമെന്റ് അസി.കമ്മിഷണർ വി.ജയചന്ദ്രന് നേരെ ജോയി ഭീഷണി മുഴക്കി.
സിപിഎം നേതാക്കളായ ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ വധഭീഷണി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിനുള്ളിൽ കയറി എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചത് കന്റോൺമെന്റ് സ്റ്റേഷനിലെ സിഐ സതീഷ്കുമാറും എസ്ഐ ഗോകുലും ചേർന്നാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് ഇന്നലെ സിപിഎം, എസ്എഫ്ഐ ജില്ലാ കമ്മിറ്റികൾ സെക്രട്ടേറിയറ്റിലേക്ക് ഉച്ചയ്ക്കും വൈകിട്ടുമായി മാർച്ച് സംഘടിപ്പിച്ചത്.






