ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമത്തിൽ പിന്തുണ അറിയിച്ച നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം ശക്തമായി.
"സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ?" എന്ന കുറിപ്പാണ് വിസ്മയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്. ഇതിന് പിന്നാലെ ഫേസ്ബുക്കും മറ്റ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളും വഴി വലിയ തോതിൽ വിമർശനങ്ങളും അധിക്ഷേപ കമന്റുകളും ഉയർന്നു.
'രാജ്യത്ത് കലാപം നടത്തുന്നവരെ പിന്തുണയ്ക്കുന്നു', 'ചില മക്കൾ പിതാവിന്റെ അന്തകരാവും', 'ലാലേട്ടന്റെ പേര് കളഞ്ഞു', 'ഇനി സിനിമ കാണില്ല', 'പൃഥ്വിരാജിന്റെ ഗതി അച്ഛനോട് ചോദിച്ചാൽ മതി' തുടങ്ങിയ പരാമർശങ്ങളാണ് കമന്റ് ബോക്സുകളിൽ നിറയുന്നത്. ചില കമന്റുകളിൽ അസഭ്യ ഭാഷയും വ്യക്തിപരമായ അധിക്ഷേപങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
വിസ്മയയുടെ സാമൂഹിക മാധ്യമ പോസ്റ്റിന് പിന്നാലെ അനുകൂലവും പ്രതികൂലവുമായി നിരവധി പ്രതികരണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും, വ്യക്തിപരമായ അധിക്ഷേപവും വിദ്വേഷ പരാമർശങ്ങളും വ്യാപകമായതോടെയാണ് സംഭവം ശ്രദ്ധേയമായത്.






