ചെന്നൈ: തമിഴ്നാട്ടില്‍ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ പ്രഖ്യാപനം.
ടിവികെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ അധികാരത്തില്‍ 100 ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ജോസഫ് വിജയ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇതനുസരിച്ച്, സഹകരണ ബാങ്കുകളില്‍നിന്ന് 75,000 രൂപ വരെ വായ്പയെടുത്തവരുടെ കടം പൂർണമായും എഴുതിത്തള്ളും.
ടിവികെ സർക്കാരിന്റെ പ്രധാന ലക്ഷ്യം കർഷകരുടെ ക്ഷേമമാണെന്ന് വിജയ് നിയമസഭയില്‍ പറഞ്ഞു. "തമിഴ്നാട്ടിലെ ജനങ്ങള്‍ ഞങ്ങളുടെ ജീവനാണെങ്കില്‍, കർഷകർ ഞങ്ങളുടെ ജീവനാഡിയാണ്. കർഷകരുടെ ജീവിതം സംരക്ഷിക്കുക, അവരുടെ കടബാധ്യത കുറയ്ക്കുക, കൃഷി ശക്തിപ്പെടുത്തുക എന്നിവയാണ് ഈ സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തങ്ങള്‍" - വിജയ് പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും കർഷകർക്ക് ഉടൻ ആശ്വാസം നല്‍കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. പുതിയ ഇളവുകള്‍ അനുസരിച്ച്, സഹകരണ ബാങ്കുകളില്‍നിന്ന് 75,000 രൂപ വരെ വായ്പയെടുത്തവരുടെ കടം പൂർണമായും എഴുതിത്തള്ളും. 75,000 രൂപയ്ക്കും ഒരു ലക്ഷം രൂപയ്ക്കും ഇടയില്‍ വായ്പയെടുത്തവർക്ക് 75,000 രൂപയുടെ ഇളവ് ലഭിക്കും. ഒരു ലക്ഷത്തിന് മുകളില്‍ വായ്പയുള്ളവർക്ക് 35,000 രൂപയുടെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തീരുമാനത്തിലൂടെ 2,38,264 കർഷകർക്ക് 40,000 രൂപ വരെ അധിക നേട്ടമുണ്ടാകും.
പുതിയ ഇളവുകള്‍ക്കായി 953.06 കോടി രൂപയാണ് സർക്കാർ അധികമായി കണ്ടെത്തുന്നത്. ഇതോടെ പദ്ധതിയുടെ മൊത്തം ചെലവ് 6,220 കോടി രൂപയാകും. ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച്, 13.34 ലക്ഷം കർഷകരുടെ അക്കൗണ്ടുകളിലേക്ക് 5,267 കോടി രൂപ ഇതിനകം കൈമാറിയിട്ടുണ്ട്. മെയ് 25ന് അധികാരമേറ്റ ടിവികെ സർക്കാർ 15 ദിവസത്തിനുള്ളില്‍ 50,000 രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളിയിരുന്നു. പിന്നീട് കർഷക സംഘടനകളുമായി ചർച്ച നടത്തിയ ശേഷം ജൂണ്‍ 19ന് പദ്ധതി വിപുലീകരിക്കുകയായിരുന്നു.






