ആലപ്പുഴ: കരുവാറ്റയില്‍ വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാടപ്പുരയ്ക്കല്‍ പടീറ്റതില്‍ വാടകയ്ക്ക് താമസിക്കുന്ന ശിവൻകുട്ടി (67) ആണ് മരിച്ചത്. കൈകാലുകള്‍ കൂട്ടിക്കെട്ടി കഴുത്തില്‍ കയർ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം.
വീട്ടില്‍ ശിവൻകുട്ടി തനിച്ചായിരുന്നു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭാര്യയും മറ്റുള്ളവരും വണ്ടാനം ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെ ചെറുമകള്‍ വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും ശിവൻകുട്ടി വാതില്‍ തുറന്നില്ല. തുടർന്ന് ചെറുമകള്‍ അയല്‍ക്കാരെ വിവരമറിയിച്ചു.
നാട്ടുകാർ ചേർന്ന് വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് ശിവൻകുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണത്തിനിടെയുള്ള കൊലപാതകമാകാം എന്നാണ് പൊലീസിന്റെ സംശയം. ശിവൻകുട്ടിയുടെ ശരീരത്തിലും വീടിനുള്ളിലുമായി ഉണ്ടായിരുന്ന ആറുപവൻ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്. ഹരിപ്പാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സരസ്വതിയാണ് ഭാര്യ. മക്കള്‍ - ശശികല, ശ്രീകല.






