ഡല്‍ഹി: കൃഷിനാശം ഉണ്ടാകുന്നു എന്ന കാരണം പറഞ്ഞ് സംസ്ഥാനങ്ങള്‍ക്ക് ആനത്താരകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
വന്യജീവികളുടെ സ്വാഭാവിക സഞ്ചാരം തടസ്സമില്ലാതെ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് നിരീക്ഷിച്ച പരമോന്നത കോടതി, രാജ്യത്തെ ആനത്താരകളില്‍ അടിയന്തരമായി പുതിയ സർവേ നടത്താൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നല്കി.ആനകളെ തുരത്താൻ വെടിവെപ്പ് ഉള്‍പ്പെടെയുള്ള ബലപ്രയോഗം ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വന്യജീവികളുടെ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന നടപടികള്‍ ഒരു സംസ്ഥാനവും സ്വീകരിക്കരുതെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം.ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആനക്കൂട്ടങ്ങള്‍ വളരെ ദീർഘദൂരം സഞ്ചരിക്കുന്ന ശീലമുള്ളവരാണെന്നും അവരുടെ സ്വാഭാവിക സഞ്ചാരപാതകള്‍ തടസ്സപ്പെടാൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിളനാശത്തിന്റെ പേരില്‍ തടസ്സങ്ങളുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തദ്ദേശീയമായ പ്രശ്നങ്ങള്‍ കാരണം വന്യജീവി സംരക്ഷണം അവഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നല്കിയ നിർദ്ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ആനത്താരകള്‍ പ്രാദേശിക കാരണങ്ങളാല്‍ തടസ്സപ്പെടുകയോ അടയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ആനകളെ ഓടിക്കാൻ തോക്കുകള്‍ ഉപയോഗിക്കുന്നതും കൂട്ടം ചേർന്ന് അക്രമാസക്തമായി ഓടിക്കുന്നതും സാഹചര്യം കൂടുതല്‍ വഷളാക്കുകയാണെന്നും വാദമുയർന്നു. ഇതേത്തുടർന്ന്, ആനത്താരകളെക്കുറിച്ച് സമഗ്രമായ പുതിയ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.






