ചെന്നൈ: തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ യുകെ സന്ദർശനം മാറ്റിവെക്കാൻ ആലോചന. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെ തമിഴ്നാട് സന്ദർശനത്തോടനുബന്ധിച്ചാണ് വിജയ് ലണ്ടൻ യാത്ര നീട്ടിവെച്ചേക്കുക.
മലേഷ്യൻ പ്രധാനമന്ത്രി ചെന്നൈയില്‍ എത്തിയാല്‍ വിജയ് സ്ഥലത്ത് ഉണ്ടാകണമെന്ന് ഗവർണർ നിദേശിച്ചു. വിജയ്യോട് ഗവർണർ സംസാരിച്ചതായി ലോക്ഭവൻ വൃത്തങ്ങള്‍.
ദില്ലിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് വരുന്ന മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ചെന്നൈയിലെത്തി വിജയ്യെ കാണാൻ താല്പര്യം അറിയിച്ചിരുന്നു. ഈ മാസം 11നാണ് മലേഷ്യൻ പ്രധാനമന്ത്രി ദില്ലിയില്‍ എത്തുക. 13ന് ചെന്നൈയില്‍ എത്താൻ ആണ് അൻവർ ഇബ്രാഹിമിന്റെ ആലോചന.
തമിഴ്നാട്ടിലേക്ക് വ്യവസായ നിക്ഷേപങ്ങള്‍ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ 10നാണ് വിജയ് യുകെയിലേക്ക് പോകാൻ നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്യുടെ ആദ്യ വിദേശ പര്യടനം കൂടിയാണിത്. സെപ്റ്റംബർ 16 വരെ യുകെയില്‍ തുടർന്ന് ഒന്നിലധികം നിക്ഷേപക ചർച്ചകളില്‍ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു.






