കോട്ടയം: പാലായില്‍ കഞ്ചാവ് വേട്ടക്കിടെ പരിശോധനയ്ക്ക് എത്തിയ പൊലീസുകാരെ പ്രതികള്‍ കാറിടിപ്പിച്ചു കടന്നുകളയാൻ ശ്രമിച്ചു.
പാലാ ആർ.വി ജങ്ഷനില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷിനെ ഇടിച്ചിടുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പാലാ പൊലീസ് പിടികൂടി. നടക്കല്‍ കണിയാംകുന്നേല്‍ ഷാഹിദ്, വെങ്ങല്ലൂർ അജ്മല്‍, നെട്ടൂർ വെട്ടിക്കാട്ടുപറമ്പില് മുഹമ്മദ് സഹല്‍ എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്ന് അര കിലോ കഞ്ചാവും പൊലീസ് കണ്ടെടുത്തു. എറണാകുളത്ത് നിന്നും ഈരാറ്റുപേട്ടയിലേക്ക് കഞ്ചാവ് എത്തിച്ചു വില്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് പ്രതികളെന്നും ഇവർക്കെതിരെ മുമ്പും സമാനമായ കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.






