കൊച്ചി: ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു.
മുൻകൂർ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിക്കുകയും പൊതുജനങ്ങൾക്ക് ഗതാഗതതടസ്സവും ബുദ്ധിമുട്ടും സൃഷ്ടിക്കുകയും ചെയ്തെന്നാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.
വേടന്റെ മാനേജർ വിഘ്നേഷ് ജി. പിള്ളയെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആർ. കൂടാതെ കണ്ടാലറിയാവുന്ന മറ്റ് 99 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ജൂലൈ 22-ന് വൈകിട്ട് അഞ്ചിന് പനമ്പിള്ളി നഗറിലെ സെൻട്രൽ പാർക്കിന് സമീപമാണ് പരിപാടി നടന്നത്. ഈ കൂട്ടായ്മയ്ക്ക് പോലീസിന്റെ മുൻകൂർ അനുമതിയുണ്ടായിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ കേന്ദ്ര സർക്കാർ ആയുധങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും, ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ ഒന്നിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് വേടൻ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചിരുന്നത്.






