ThirdEye News

വിയറ്റ്‌നാം അപകടം; അപകടകാരണം ജീവനക്കാരുടെ അശ്രദ്ധയെന്ന് പൊലീസ്, ബോട്ടിന്റെ ക്യാപ്‌റ്റൻ അറസ്റ്റില്‍

personസ്റ്റാഫ് റിപ്പോർട്ടർ
വിയറ്റ്‌നാം അപകടം; അപകടകാരണം ജീവനക്കാരുടെ അശ്രദ്ധയെന്ന് പൊലീസ്, ബോട്ടിന്റെ ക്യാപ്‌റ്റൻ അറസ്റ്റില്‍

ഹാനോയ്: വിയറ്റ്‌നാമില്‍ മലയാളി ദമ്പതികളടക്കം 15 ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബോട്ടിന്റെ ക്യാപ്‌റ്റൻ അറസ്റ്റില്‍.

57കാരനായ ക്യാപ്റ്റനെ അറസ്റ്റ് ചെയ്‌തതായി ആൻ ഗിയാംഗ് പ്രവിശ്യയിലെ പൊലീസാണ് അറിയിച്ചത്. ക്യാപ്‌റ്റന്റെ ഭാഗത്ത് നിന്ന് നിയമലംഘനം ഉണ്ടായെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. ബോട്ടിലെ ജീവനക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമായതായി പൊലീസ് വ്യക്തമാക്കി.

അതേസമയം, കാലാവസ്ഥ അതീവ മോശമായതാണ് ബോട്ട് അപകടത്തില്‍പ്പെടാൻ കാരണമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. സംഭവസമയത്ത് മഴ ഉണ്ടായിരുന്നില്ലെങ്കിലും ശക്തമായ തിരമാലകള്‍ ഉണ്ടായെന്നാണ് രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്ത നാവികരെ ഉദ്ധരിച്ച്‌ ഒരു പ്രാദേശിക മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഈ സമയത്ത് വിനോദസഞ്ചാരികളുമായെത്തിയ മറ്റ് ബോട്ടുകളും കടലിലുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.

32 ഇന്ത്യൻ വിനോദസഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. 17പേരെ രക്ഷപ്പെടുത്തി. ഇതില്‍ ഒരാള്‍ ഫൂക്കോക്കിലെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടത്തില്‍ രക്ഷപ്പെട്ടവരെല്ലാം നാട്ടിലേക്ക് തിരിച്ചു. മരിച്ച 15പേരുടെയും മൃതദേഹം ഇന്ന് മുംബയിലെത്തിക്കുമെന്ന് എംബസി അറിയിച്ചു. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മൃതദേഹങ്ങള്‍ എത്തിക്കുക. മുംബയില്‍ നിന്ന് ഓരോ സംസ്ഥാനത്തേക്കും എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

ബന്ധപ്പെട്ട വാർത്തകൾ