തിരുവനന്തപുരം: വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിൽ വിവാദ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ. പള്ളത്തടുക്ക സ്കൂൾ അധ്യാപകൻ ഗുരുപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ എൽ.പി. സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് വിവാദ ചോദ്യം ഉൾപ്പെട്ടത്. ഗുരുപ്രസാദിന്റെ നേതൃത്വത്തിലാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്.
‘ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്നായിരുന്നു ചോദ്യം. ഉത്തരസൂചികയിൽ വി.ഡി. സവർക്കർ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ചോദ്യം പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തുകയും തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.






