കണ്ണൂർ: പൊലീസിനെതിരെ ഭീഷണി മുഴക്കിയതടക്കമുള്ള കേസുകളിൽ പിടിയിലായ അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ പ്രണവിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി. അഴീക്കോട് സ്വദേശിയായ പ്രണവാണ് അർജുൻ ആയങ്കി ഒളിവിലിരിക്കെ സോഷ്യൽ മീഡിയയിൽ വിവാദ പോസ്റ്റുകൾ പ്രചരിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഇക്കാര്യം അർജുൻ ആയങ്കി പൊലീസിനോട് വെളിപ്പെടുത്തിയതായാണ് സൂചന. എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് വരുമ്പോൾ പ്രണവ് തനിക്കൊപ്പമുണ്ടായിരുന്നുവെന്നും അർജുൻ മൊഴി നൽകിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിവരെ തളിപ്പറമ്പിൽ അർജുൻ ആയങ്കിക്കൊപ്പം പ്രണവ് ഉണ്ടായിരുന്നതായും പിന്നീട് ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രണവ് ഒളിവിൽ പോയതെന്നാണ് വിവരം.
അർജുൻ ആയങ്കിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ വിവാദ പോസ്റ്റുകൾ ഈ ഫോണിൽ നിന്നാണോ പ്രത്യക്ഷപ്പെട്ടതെന്ന് കണ്ടെത്തുന്നതിനായി ഫോൺ വിശദമായ പരിശോധനയ്ക്ക് അയച്ചു.






